Life In Christ - 2025

അമേരിക്കന്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ യേശുവിനെ പ്രഘോഷിക്കുവാന്‍ നടി മോഹിനിയും

സ്വന്തം ലേഖകന്‍ 17-06-2019 - Monday

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനില്‍ യേശുവിനു സാക്ഷ്യം നല്‍കാന്‍ ഹൈന്ദവ വിശ്വാസത്തില്‍ നിന്നു കത്തോലിക്ക വിശ്വാസം സ്വീകരിച്ച നടി ക്രിസ്റ്റീന മോഹിനി ശ്രീനിവാസനും. ഓഗസ്റ്റ് 1 മുതൽ 4 വരെ സെന്റ് ജോസഫ് നഗർ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടൽ സമുച്ചത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനിലാണ് ബ്രാഹ്മണ കുടുംബത്തില്‍ നിന്നു സത്യ ദൈവത്തിലേക്കുള്ള പരിവര്‍ത്തന സാക്ഷ്യവും ജീവിത അനുഭവവും നടി വിവരിക്കുക.

തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മി എന്ന പേരായ അവര്‍ ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചതിന് ശേഷമാണ് മോഹിനി എന്ന പേര് സ്വീകരിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്കു അടക്കം വിവിധ ഭാഷകളിലുള്ള നൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിരിന്നു. ചെറുപ്പത്തിലേ മോഹിനി അടിയുറച്ച ഹൈന്ദവ വിശ്വാസിയായിരുന്നു. തന്റെ ഭക്തി കണ്ട് ഹൈന്ദവ സന്യാസം വരെ പുല്‍കുമെന്ന് വീട്ടുകാര്‍ ഭയപ്പെട്ടിരിന്നതായി മോഹിനി വെളിപ്പെടുത്തിയിരിന്നു.

എന്നാല്‍ വിവാഹ ശേഷം അനുഭവിക്കേണ്ടി വന്ന വിഷാദ രോഗാവസ്ഥയാണ് മോഹിനിയെ യേശുവിലേക്ക് അടുപ്പിച്ചത്. ബൈബിളില്‍ നിന്നു പ്രത്യേകമായ സന്തോഷം അനുഭവിച്ച അവര്‍ യേശുവിനെ കൂടുതല്‍ അടുത്തറിയുവാന്‍ ശ്രമിക്കുകയായിരിന്നു. പിന്നീട് 2006-ല്‍ അമേരിക്കയില്‍വെച്ചു കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ഇന്നു വാഷിംഗ്ടണിലെ സിയാറ്റിലിൽ ഭർത്താവ് ഭാരത് പോൾ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിൾ ഭാരത്, അദ്വൈത് ഗബ്രിയേൽ ഭാരത് എന്നിവർക്കുമൊപ്പം കുടുംബജീവിതം നയിക്കുന്ന മോഹിനി പ്രദേശത്തെ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളിലും സജീവമാണ്. സിയാറ്റിലിലെ വെസ്റ്റ് വാഷിംഗ്ടൺ കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിൽ നിന്നാണ് ക്രിസ്റ്റീന വചനപ്രഘോഷകയാകാൻ പരിശീലനം നേടിയത്. വിവിധ ടെലിവിഷൻ ചാനലുകളിലും നടി വചനപ്രഘോഷണം നയിക്കുന്നുണ്ട്.

ഹൂസ്റ്റണിലെ കണ്‍വെന്‍ഷന്‍ പ്രശസ്ത വചന പ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് നയിക്കുക. നടി മോഹിനിയെ കൂടാതെ റിട്ടയേർഡ് ജസ്റ്റീസ് കുര്യൻ ജോസഫ്, പ്രശസ്ത അമേരിക്കന്‍ പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ജാക്കീ ഫ്രാൻസ്വാ ഏഞ്ചൽ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സന്ദേശം നല്‍കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ എന്നിവരും നിരവധി വൈദികശ്രേഷ്ഠരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് കണ്‍വന്‍ഷൻ രക്ഷാധികാരി.മാര്‍ ജോയി ആലപ്പാട്ടാണ് ജനറല്‍ കണ്‍വീനർ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍

Smnc Houston

Syro Malabar National Convension




Related Articles »