News - 2024

കത്തോലിക്ക ആശുപത്രികള്‍ പിടിച്ചെടുത്ത് എറിത്രിയന്‍ ഭരണകൂടം

സ്വന്തം ലേഖകന്‍ 19-06-2019 - Wednesday

അസ്മാര: വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള ഹെല്‍ത്ത് ക്ലിനിക്കുകള്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. എറിത്രിയയിലെ ഇരുപത്തിരണ്ടോളം കത്തോലിക്ക ഹെല്‍ത്ത് ക്ലിനിക്കുകളാണ് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പിടിച്ചെടുത്ത് അടച്ചുപൂട്ടിയത്. ക്ലിനിക്കുകളിലെ രോഗികളോട് വീട്ടില്‍ പോകുവാന്‍ ആവശ്യപ്പെടുകയും, കാവലിനായി സൈന്യത്തെ വിന്യസിപ്പിക്കുകയും ചെയ്തുവെന്നുമാണ് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാ സഭയുടെ സേവനം വേണ്ടെങ്കില്‍ സര്‍ക്കാരിന് അത് പറയാമെന്നും പക്ഷേ സഭയുടെ സ്വത്ത്‌ കൈയ്യടക്കുന്നത് ശരിയല്ലായെന്നും സഭാനേതൃത്വം എറിത്രിയന്‍ സര്‍ക്കാരിനയച്ച കത്തില്‍ വ്യക്തമാക്കി.

തങ്ങളുടെ സാമൂഹ്യ സേവനങ്ങള്‍ ഒരിക്കലും സര്‍ക്കാരിനു എതിരായിരുന്നില്ലെന്നും നിയമസംവിധാനം നിലവിലുള്ള രാജ്യത്ത് ഇത്തരം നടപടികള്‍ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ലാത്തതാണെന്നും കത്തിലുണ്ട്. സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ കത്തോലിക്ക സഭ ആശ്യപ്പെട്ടതിന്റെ പ്രതികാരമായാണ് നിലവിലെ നടപടികളെ പൊതുവില്‍ വിലയിരുത്തുന്നത്. പിടിച്ചെടുത്ത 22 കത്തോലിക്ക ക്ലിനിക്കുകളില്‍ 8 എണ്ണം കെരെനിലെ എറിത്രിയന്‍ എപ്പാര്‍ക്കിയുടെ കീഴിലുള്ളതാണ്. വര്‍ഷം തോറും നാല്‍പ്പതിനായിരത്തോളം രോഗികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ ക്ലിനിക്കുകള്‍. സര്‍ക്കാരിന്റെ നടപടിമൂലം ഗ്രാമപ്രദേശങ്ങളിലെ ആയിരകണക്കിന് അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആരോഗ്യപരിപാലനത്തിനുള്ള സൗകര്യം നഷ്ടപ്പെട്ടിരിക്കുകയാണ്.

സര്‍ക്കാര്‍ ക്ലിനിക്കുകളിലെ സേവനം പലയിടങ്ങളിലും ലഭ്യമല്ലെന്ന് മാത്രമല്ല, നിലവാരം വളരെ മോശവുമാണ്. ഇതാദ്യമായല്ല എറിത്രിയന്‍ സര്‍ക്കാര്‍ സഭാ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നത്. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന്റെ കീഴിലേക്ക് ചുരുക്കികൊണ്ടുള്ള 1995-ലെ ഡിക്രി നിലവില്‍ വന്നതിനു ശേഷമാണ് സഭ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ആരംഭിച്ചത്. ക്രൈസ്തവരുടെ മാത്രമല്ല മുസ്ലീം സ്കൂളുകളും പ്രത്യേക ഡിക്രി ഉപയോഗിച്ച് അടച്ചുപൂട്ടിയിരുന്നു. 2004 മുതല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ മതസ്വാതന്ത്ര്യത്തിന് ഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എറിത്രിയയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ എറിത്രിയയിലെ ആകെ ജനസംഖ്യയുടെ 4 ശതമാനമാണ് കത്തോലിക്ക വിശ്വാസികള്‍.


Related Articles »