News - 2024

പ്രാര്‍ത്ഥനയുടെ അഭാവത്തില്‍ ക്രൈസ്തവരായിരിക്കാന്‍ സാധിക്കില്ല: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 20-06-2019 - Thursday

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന പ്രാണവായുവാണെന്നും പ്രാര്‍ത്ഥനയുടെ അഭാവത്തില്‍ ക്രൈസ്തവരായിരിക്കാന്‍ സാധിക്കില്ലായെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ പൊതുകൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരിന്നു പാപ്പ. ഹൃദയങ്ങളെ വിശാലമാക്കുകയും വികാരവിചാരങ്ങളെ ക്രിസ്തുവിന്‍റെതിനോടു പൊരുത്തപ്പെടുത്തുകയും ചെയ്യുന്ന പുതിയൊരു പന്തക്കൂസ്താനുഭവം പകരാനായി കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാമെന്നും പാപ്പ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വാസസ്ഥലം പോലെയായിമാറിയിരിക്കുന്നതും ഐക്യത്തിന്‍റെ ഘടകമായ കര്‍ത്താവിന്‍റെ അമ്മയായ മറിയത്തിന്‍റെ സാന്നിധ്യമുണ്ടായിരിക്കുകയും ചെയ്ത ഊട്ടുമുറിയില്‍ അപ്പസ്തോലന്മാര്‍, യേശുവിന്‍റെ ഉത്ഥാനനാന്തരം അമ്പതു ദിവസം കഴിഞ്ഞപ്പോള്‍, അവരുടെ പ്രതീക്ഷകളെയെല്ലാം മാറ്റി മറിക്കുന്ന സംഭവം നടക്കുകയാണ്. എക്കാലത്തെയും ക്രിസ്തു ശിഷ്യര്‍ക്ക് പ്രാണവായുവേകുന്ന ശ്വാസകോശമായ പ്രാര്‍ത്ഥനയ്ക്കായി സമ്മേളിച്ചിരിക്കുകയായിരുന്ന അവരുടെ മദ്ധ്യത്തിലേക്കു ദൈവം അതിശക്തിയോടെ കടന്നു വരുകയും അവര്‍ വിസ്മയത്തിലാഴുകയും ചെയ്യുന്നു. പ്രാര്‍ത്ഥന കൂടാതെ യേശുവിന്‍റെ ശിഷ്യനാകാന്‍ സാധിക്കില്ല.

പ്രാര്‍ത്ഥനയുടെ അഭാവത്തില്‍ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല. പ്രാര്‍ത്ഥന പ്രാണവായുവാണ്, ക്രിസ്തീയ ജീവിതത്തിന്‍റെ ശ്വാസകോശമാണ്. സഭ ജന്മം കൊള്ളുന്നത് സ്നേഹാഗ്നിയില്‍ നിന്നാണ്, പന്തക്കൂസ്തായില്‍ പടര്‍ന്നു പിടിക്കുന്ന അഗ്നിയില്‍ നിന്നാണ്. ഈ അഗ്നി, പരിശുദ്ധാത്മാവിനാല്‍ പൂരിതമായ ഉത്ഥിതന്‍റെ വചനത്തിന്‍റെ ശക്തി ആവിഷ്ക്കരിക്കുന്നു. നൂതനവും സനാതനവുമായ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശിലാഫലകത്തില്‍ കൊത്തിയ നിയമങ്ങളിലല്ല, പ്രത്യുത, സകലത്തെയും നവീകരിക്കുകയും മാംസഹൃദയങ്ങളില്‍ കുറിക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തിലാണെന്നും പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പൊതുകൂടിക്കാഴ്ചയ്ക്ക് സമാപനമായത്.


Related Articles »