India - 2024

ചെല്ലാനത്ത് നാട്ടുകാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണം: ലത്തീന്‍ മീഡിയ കമ്മീഷന്‍

21-06-2019 - Friday

കൊച്ചി: തീരദേശത്ത് കടല്‍ഭിത്ത് നിര്‍മിച്ച് ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കള്ളക്കേസുകള്‍ എടുത്തത് അങ്ങേയറ്റം പ്രതിഷേധജനകമാണെന്ന് ലാറ്റിന്‍ സഭ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍. ചെല്ലാനത്ത് കഴിഞ്ഞ ദിവസം ജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തോടനുബന്ധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളതെന്നറിയുന്നു.

15 പേര്‍ക്കെതിരെ രണ്ടു കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. റോഡ് ഉപരോധിച്ചെന്നും പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരെ തടഞ്ഞു കൃത്യനിര്‍വഹണത്തില്‍ തടസം വരുത്തിയെന്നും ആരോപിച്ചാണ് ക്രൈസ്തവപുരോഹിതര്‍ അടക്കമുളളവര്‍ക്കെതിരെ കേസുകളെടുത്തിട്ടുളളത്. ജാമ്യം കിട്ടാത്ത വകുപ്പുകളും ഇതിലുണ്ട്. പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരന്‍ പോലും സംഭവസമയത്ത് ഇവിടെ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ജീവനക്കാരെ തടഞ്ഞുവെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമുള്ള ആരോപണം തെറ്റാണെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജീവനക്കാരാരും ഇതുസംബന്ധിച്ച് പരാതികളും നല്കിയിട്ടില്ല. ഭരണകക്ഷിയിലെ ജനപ്രതിനിധിയുടെ സമ്മര്‍ദത്താലാണ് പൊലീസ് നാട്ടുകാര്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്നാണ് ആരോപണം.

അധികൃതര്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് ചെല്ലാനത്തെ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് തള്ളിവിട്ടതെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ജനങ്ങളുടെ സുരക്ഷയെ അപകപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെതിരെയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാരും പൊലീസും നടപടി സ്വീകരിക്കേണ്ടത്. അതിനുപകരം തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ കേസുകളെടുത്ത് പീഡിപ്പിക്കുന്നത് രാജ്യത്ത് അരാജകത്വം വര്‍ധിക്കാന്‍ കാരണമാകുമെന്നും ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു.


Related Articles »