India - 2024

തീരദേശ ജനതക്ക് വേണ്ടി സ്വരമുയര്‍ത്തി കെആര്‍എല്‍സിസി യോഗം

സ്വന്തം ലേഖകന്‍ 25-06-2019 - Tuesday

കൊച്ചി: കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ള താത്കാലിക നടപടികള്‍ കാര്യക്ഷമതയോടും ജാഗ്രതയോടുംകൂടി നടപ്പാക്കണമെന്ന് കെആര്‍എല്‍സിസി വിളിച്ചു ചേര്‍ത്ത സമുദായനേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ഭൗമ ശാസ്ത്രമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍സിസിആര്‍) 2018 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ 44 ശതമാനം തീരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.

കടലും തീരവും വന്‍കിട പദ്ധതികള്‍ക്കായി ഉപയോഗിക്കുന്‌പോള്‍ തീരജനതയ്ക്ക് വലിയ ആഘാതങ്ങളാണ് നേരിടേണ്ടിവരുന്നത്. എന്നാല്‍ ഈ ആഘാതങ്ങളും അതുവഴി ഉണ്ടാകുന്ന ദുരിതങ്ങളും ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശാസ്ത്രീയമായ പഠനങ്ങളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടന്നിട്ടില്ല. തിരുവനന്തപുരത്ത് വലിയതുറ, കൊച്ചുവേളി, കൊല്ലത്തെ ഇരവിപുരം, ആലപ്പാട്ട്, ആലപ്പുഴയിലെ ഒറ്റമശേരി, എറണാകുളം ജില്ലയിലെ ചെല്ലാനം, എടവനക്കാട്, തൃശൂര്‍ ജില്ലയിലെ പെരിയാട് എന്നിവിടങ്ങളില്‍ കനത്ത കടലാക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഓരോ പ്രദേശത്തും വ്യത്യസ്തമായ രീതിയില്‍ കടലാക്രമണം ചെറുക്കേണ്ടതുണ്ട്. അതുകൊണ്ട് അടിയന്തരമായി സംസ്ഥാനസര്‍ക്കാര്‍ ഈ പ്രദേശങ്ങളിലെ പ്രത്യേകതകള്‍ക്കനുസരിച്ച് തീരസംരക്ഷണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണം. രൂക്ഷമായ കടല്‍ക്ഷോഭത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ശാസ്ത്രീയ പ്രതിരോധമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ഒരു പഠനസംഘത്തെ നിയോഗിക്കണം.

കടലാക്രമണ പ്രതിരോധസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും ഫണ്ട് ലഭ്യമാക്കി ഫലപ്രദവും സമയബന്ധിതവുമായി പ്രവര്‍ത്തിക്കുന്നതിന് ഭരണപരവും സാന്പത്തികപരവുമായ അധികാരങ്ങളുള്ള പ്രത്യേക സംവിധാനത്തിനായി ഗവണ്‍മെന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണം. കടലാക്രമണത്തെത്തുടര്‍ന്ന് ജനങ്ങള്‍ നടത്തിയ സമരങ്ങളില്‍ പോലീസ് എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കണം. സംസ്ഥാനബജറ്റില്‍ തീരസംരക്ഷണത്തിനായി 500 കോടി രൂപയെങ്കിലും നീക്കി വയ്ക്കണമെന്നു സമുദായനേതാക്കളുടെ അടിയന്തരയോഗം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. ഷാജി ജോര്‍ജ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറന്പില്‍, ജോസഫ് ജൂഡ്, ഷെറി ജെ. തോമസ്, ഫാ. ജെയ്‌സണ്‍ വടശേരി, ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, ജെക്കോബി, ജസ്റ്റിന്‍ കരിപ്പാട്ട്, ബിജു ജോസി, റോയ് ഡിക്കൂഞ്ഞ, രാജു ഈരേശേരില്‍, പൈലി ആലുങ്കല്‍, ബാബു കാളിപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »