News - 2025

മാഹി അമ്മ ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തിന് ബസിലിക്ക പദവി

പ്രവാചകശബ്ദം 21-12-2023 - Thursday

കോഴിക്കോട്: പ്രസിദ്ധമായ മാഹി അമ്മ ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രത്തെ ഫ്രാന്‍സിസ് പാപ്പ, ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തി. ഇക്കാര്യം കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് ഔദ്യോഗികമായി അറിയിച്ചത്. വടക്കന്‍ കേരളത്തിലെ പ്രഥമ ബസിലിക്കയായി മാഹി തീർത്ഥാടന കേന്ദ്രം ഇനി അറിയപ്പെടും. ശതാബ്ദി നിറവിലായ കോഴിക്കോട് രൂപതയ്ക്കു ലഭിച്ച അംഗീകാരവും, 2023 ഡിസംബറില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന ക്രിസ്മസ് സമ്മാനവുമായി രൂപത ഇതിനെ സ്വീകരിക്കുന്നുവെന്ന് ബിഷപ്പ് ചക്കാലയ്ക്കല്‍ പറഞ്ഞു. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്‍കിയ സമ്മാനമാണ് ഈ ബസിലിക്ക പദവിയെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വടക്കന്‍ കേരളത്തില്‍ ഇതുവരേയും ഒരു ദേവാലയവും ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. മലബാറിന്റെ മണ്ണിലെ പ്രഥമ ബസിലിക്കയായി ഇനി മുതല്‍ മാഹി തീര്‍ത്ഥാടന കേന്ദ്രം അറിയപ്പെടും. കേരളത്തിലെ പതിനൊന്നാമത്തെ ബസിലിക്കയാണ് മാഹി സെന്റ് തെരേസാസ് തീർത്ഥാടന കേന്ദ്രം. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി കേരളത്തിലെ മലബാര്‍ മേഖലയിലുള്ള മാഹിയില്‍ 1736-ല്‍ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. 1736-ല്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788-ല്‍ ദേവാലയം പുതുക്കിപ്പണിതു. 1855-ല്‍ പണിതീര്‍ത്ത മണിമാളികയില്‍ ഫ്രഞ്ച് മറീനുകള്‍ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956-ല്‍ ദേവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010-ല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിപുലമായ രീതിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിന്നു.

ബസിലിക്ക ‍

നിര്‍മ്മാണപരമായി പറഞ്ഞാല്‍ ദീര്‍ഘചതുരാകൃതിയിലുള്ള നീണ്ട കെട്ടിടത്തേയാണ് ബസിലിക്ക എന്ന് വിശേഷിപ്പിക്കുന്നത്. മുകളിലായി അര്‍ദ്ധവൃത്താകൃതിയിലോ ബഹുഭുജകോണാകൃതിയിലോ ഉള്ള ഒരു താഴികകുടത്തോട് കൂടിയ ഇത്തരം കെട്ടിടങ്ങള്‍ പുരാതന റോമിലെ സാധാരണ കാഴ്ചയായിരുന്നു. ഈ താഴികകുടങ്ങളുടെ കീഴിലായിരിക്കും റോമന്‍ ചക്രവര്‍ത്തിമാരുടേയോ ന്യായാധിപന്‍മാരുടേയോ ഇരിപ്പിടം.ആദ്യകാലങ്ങളില്‍ ബസിലിക്ക എന്ന വാക്കിന് മതവുമായോ ദേവാലയവുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. 'ബസലിയോസ്‌' എന്ന ഗ്രീക്ക്‌ വാക്കില്‍ നിന്നുമാണ് ബസലിക്ക എന്ന വാക്ക്‌ ഉത്ഭവിക്കുന്നത്.

‘രാജാവ്‌’ എന്നാണ് ഈ ഗ്രീക്ക്‌ വാക്കിന്റെ അര്‍ത്ഥം. അങ്ങനെ നോക്കുമ്പോള്‍ ബസിലിക്ക എന്നത് പരമാധികാരിയുടെ ഇരിപ്പിടമാണ്. പിന്നീട് യേശുവിന്റെ രാജത്വവുമായി ബന്ധപ്പെടുത്തി ക്രൈസ്തവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേദികള്‍ക്ക് ഈ കെട്ടിടത്തിന്റെ രൂപകല്‍പ്പനാ ശൈലി സ്വീകരിക്കുകയാണ് ഉണ്ടായത്‌. യഥാര്‍ത്ഥ ന്യായാധിപനും, ഭരണകര്‍ത്താവും ക്രിസ്തുവായതിനാല്‍ ക്രമേണ റോമന്‍ ന്യായാധിപന്‍മാരുടേയും ചക്രവര്‍ത്തിമാരുടേയും സ്ഥാനം ക്രിസ്തുവിനു സമര്‍പ്പിക്കപ്പെടുകയായിരിന്നു.

നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ലോകമാകമാനമായി എണ്ണമറ്റ കത്തോലിക്കാ ദേവാലയങ്ങള്‍ ഈ നിര്‍മ്മാണശൈലി സ്വീകരിച്ചു. അമേരിക്കയില്‍ മാത്രം ഏതാണ്ട് 86-ഓളം ബസിലിക്ക ദേവാലയങ്ങള്‍ ഉണ്ട്. രണ്ടുതരം ബസിലിക്കകള്‍ ഉണ്ട്. മേജര്‍ ബസിലിക്കകളും, മൈനര്‍ ബസിലിക്ക കളും. റോമിലെ ചരിത്രപ്രാധാന്യമുള്ള ബസിലിക്കകള്‍ മേജര്‍ ബസിലിക്കകളില്‍ ഉള്‍പ്പെടുന്നു. സെന്റ്‌ പീറ്റേഴ്സ്, സെന്റ്‌ ജോണ്‍ ലാറ്ററന്‍, സെന്റ്‌ മേരി മേജര്‍, സെന്റ്‌ പോള്‍ തുടങ്ങിയ ബസലിക്കകളാണ് മേജര്‍ ബസിലിക്കകള്‍ക്ക് ഉദാഹരണം.

എന്നാല്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും തന്നെ മൈനര്‍ബസിലിക്കകള്‍ കാണാവുന്നതാണ്. ഭാരതത്തില്‍ 22 ദേവാലയങ്ങള്‍ക്കാണ് മൈനര്‍ ബസിലിക്ക പദവി ലഭിച്ചിട്ടുള്ളത്. ഒരു ദേവാലയം മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെടണമെങ്കില്‍ പ്രാദേശിക മെത്രാന്റെ പ്രത്യേക അപേക്ഷ മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കണം. മാര്‍പാപ്പയുടെ അനുമതിയോടെ മാത്രമാണ് ദേവാലയത്തെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തുക. എന്നാല്‍ ആ ദേവാലയം കാഴ്ചക്ക്‌ മനോഹരവും ചരിത്രസമ്പുഷ്ടവുമായിരിക്കണമെന്നുണ്ട്.


Related Articles »