News - 2024

സ്വാതന്ത്ര്യദിനത്തില്‍ ട്രംപ് നടത്തിയ പ്രസംഗത്തില്‍ കത്തോലിക്കര്‍ക്ക് പ്രശംസ

സ്വന്തം ലേഖകൻ 07-07-2019 - Sunday

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന് ലിങ്കണ്‍ മെമ്മോറിയലിന്റെ പടികളില്‍ നിന്നുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ “സല്യൂട്ട് ടു അമേരിക്ക”പ്രസംഗത്തില്‍ കത്തോലിക്കര്‍ക്ക് പ്രശംസ. അമേരിക്കന്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം അപ്പോളോ 11 ന്റെ ഫ്ലൈറ്റ് ഡയറക്ടറും കത്തോലിക്കനുമായ ജെനെ ക്രാന്‍സിനെയും, ഫിസിഷ്യയും ലിറ്റില്‍ വര്‍ക്കേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സഭാംഗവുമായ സിസ്റ്റര്‍ ഡെയിഡ്രേ 'ഡെഡെ' മേരി ബൈര്‍ണെയും പേരെടുത്ത് പ്രശംസിച്ചത്.

“നമ്മുടെ ചരിത്രപരമായ ചാന്ദ്ര ദൗത്യത്തില്‍ മിഷന്‍ കണ്ട്രോള്‍ നയിച്ച നാസയുടെ പ്രശസ്തനായ ഫ്ലൈറ്റ് ഡയറക്ടര്‍ ജെനെ ക്രാന്‍സ്.  ഈ രാത്രി നമുക്കൊപ്പം ഉണ്ടായതില്‍ നാം സന്തുഷ്ടരാണ്”-ജെനെയുടെ പേരെടുത്തുകൊണ്ട് ട്രംപ് പറഞ്ഞു. “ജെനെ”, “അധികം താമസിയാതെ നമ്മള്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുന്ന കാര്യം നീ അറിഞ്ഞിരിക്കണമെന്നെനിക്കാഗ്രഹമുണ്ട്, ഒട്ടും വൈകാതെ തന്നെ നമ്മള്‍ ചൊവ്വയില്‍ അമേരിക്കന്‍ പതാക പാറിക്കുകയും ചെയ്യും” ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതുപോലെതന്നെ സിസ്റ്റര്‍ ബൈര്‍ണെയുടെ 30 വര്‍ഷത്തെ മെഡിക്കല്‍ സേവനങ്ങളെക്കുറിച്ചും, പാവങ്ങള്‍ക്കിടയില്‍ അവര്‍ നടത്തുന്ന പ്രേഷിത പ്രവര്‍ത്തനങ്ങളേയും ട്രംപ് അഭിനന്ദിച്ചു. 2001 സെപ്റ്റംബര്‍ 11-ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പുകയുടേയും, കരിയുടേയും, കെട്ടിടാവശിഷ്ടങ്ങളുടേയും ഇടയിലൂടെ മുറിവേറ്റവര്‍ക്ക് സിസ്റ്റര്‍ ബൈര്‍ണെ നല്‍കിയ പ്രാഥമിക ശുശ്രൂഷകളേയും ട്രംപ് പ്രത്യേകം ചൂണ്ടിക്കാട്ടി നന്ദി അറിയിച്ചു.

ഈശോ സഭയുടെ സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയ ജെനെ 34 വര്‍ഷത്തോളമാണ് നാസയില്‍ സേവനം ചെയ്തത്. 85 കാരനായ ജെനെ ഇപ്പോള്‍ കത്തോലിക്കാ സന്നദ്ധ സംഘടനായ ‘നൈറ്റ്സ് ഓഫ് കോളംബസ്’ അംഗം കൂടിയാണ്. കൊളംബിയ മാഗസിന്റെ 2019 മാര്‍ച്ച് മാസത്തെ ലക്കത്തില്‍ ഇദ്ദേഹത്തേക്കുറിച്ചു വന്ന ലേഖനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാസയിലെ തന്റെ സേവനത്തെക്കുറിച്ചും, കത്തോലിക്കാ വിശ്വാസത്തേയും, കാഴ്ചപ്പാടുകളെക്കുറിച്ചും എഴുത്തുകാരനായ ജെയിംസ് റാമോസിനോട് അദ്ദേഹം അതിൽ വിവരിക്കുന്നുണ്ട്.

അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായ ട്വിന്‍ ടവേഴ്സ് തീവ്രവാദി ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍, ധൈര്യപൂര്‍വ്വം കത്തിയെരിയുന്ന ടവറുകളുടെ ചുവട്ടില്‍ നിന്ന് ആതുരസേവനം ചെയ്ത ധീര വനിതയാണ്‌ സിസ്റ്റര്‍ ബൈര്‍ണെ. വാഷിംഗ്‌ടണ്‍ ഡി.സി. യില്‍ പാവങ്ങള്‍ക്കായി അവര്‍ ഒരു മെഡിക്കല്‍ ക്ലിനിക്കും നടത്തുന്നുണ്ട്. കത്തോലിക്കര്‍ അമേരിക്കക്ക് നല്‍കിയ സേവനങ്ങളെക്കുറിച്ച് ഇതിനു മുന്‍പും ട്രംപ് സന്ദേശത്തിൽ പ്രത്യേകം വിവരിച്ചിട്ടുണ്ട്. 


Related Articles »