News - 2025

ഫ്രാന്‍സിസ് പാപ്പയ്ക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം: സന്ദേശവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് വാന്‍സ്

പ്രവാചകശബ്ദം 19-02-2025 - Wednesday

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് പാപ്പ ചികിത്സ തുടരുന്ന പശ്ചാത്തലത്തില്‍ മാര്‍പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. പരിശുദ്ധ പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കലിനായുള്ള പ്രാർത്ഥനയ്ക്കുള്ള ആഹ്വാനത്തിൽ കത്തോലിക്ക വിശ്വാസിയായ ജെ‌ഡി വാന്‍സും കൂടി പങ്കുചേരുകയായിരിന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നാണ് വാന്‍സ് 'എക്സി'ല്‍ കുറിച്ചിരിക്കുന്നത്.

അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന പുതിയ വിവരം വത്തിക്കാന്‍ പങ്കുവെച്ചു. ഇന്ന് ബുധനാഴ്ച രാവിലെ പുറത്തുവിട്ട സന്ദേശത്തില്‍ ശാന്തമായ ഒരു രാത്രി പാപ്പ ചെലവഴിച്ചുവെന്നും രാവിലെ പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇന്നലെ ചൊവ്വാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പയ്ക്കു ന്യുമോണിയ ബാധിച്ചതായി കണ്ടെത്തിയത്. കൂടുതല്‍ ചികിത്സകള്‍ ആവശ്യമായതിനാല്‍ വരുന്ന ഞായറാഴ്ച വരെയുള്ള പാപ്പയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.


Related Articles »