News - 2024

ജെറുസലേമിലെ വിശുദ്ധ വീഥിയില്‍ സഞ്ചരിക്കുവാന്‍ ഇനി പൊതുജനങ്ങള്‍ക്ക് അവസരം

സ്വന്തം ലേഖകന്‍ 12-07-2019 - Friday

ജെറുസലേം: യേശു ക്രിസ്തു സഞ്ചരിച്ചിരുന്ന വിശുദ്ധ പാതകളില്‍ ഒന്ന്‍ ചരിത്രത്തിലാദ്യമായി പൊതുജനങ്ങള്‍ക്ക് കാണുവാനായി തുറന്നു കൊടുക്കുന്നു. യേശു കുരുടന് കാഴ്ച നല്‍കിയ സീലോഹ കുളത്തില്‍ നിന്നും ആരംഭിച്ച് പടിഞ്ഞാറന്‍ മതിലോളം എത്തുന്ന ‘പുരാതന തീര്‍ത്ഥാടന പാത’യാണിത്. പുരാതന കാലങ്ങളില്‍ യഹൂദ ആചാരപ്രകാരം പാസ്സോവര്‍, പെന്തക്കൂസ്ത് (ഷാവ്വൌത്ത്), സുക്കോത്ത് (കൂടാര തിരുനാള്‍) തുടങ്ങിയ മൂന്നു ആഘോഷങ്ങള്‍ക്കായി ജെറുസലേം ദേവാലയം സന്ദര്‍ശിക്കുന്ന യഹൂദര്‍ സീലോഹ കുളത്തില്‍വെച്ച് ശരീരശുദ്ധി വരുത്തിയ ശേഷം ദേവാലയത്തിലേക്ക് പ്രവേശിച്ചിരുന്നത് ഈ പാതയിലൂടെയായിരുന്നു. ജെറുസലേം-അറബ് പ്രദേശമായ സില്‍വാനില്‍ ഭൂമിക്കടിയിലാണ് ഈ പാത ഇപ്പോള്‍.

ആകസ്മികമായിട്ടായിരുന്നു ഈ വിശുദ്ധ പാത കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മറഞ്ഞ് കിടന്നിരുന്ന യഥാര്‍ത്ഥ സീലോഹ കുളം കണ്ടെത്തിയതോടെയാണ് ഈ പാതക്ക് വേണ്ടിയുള്ള അന്വേഷണം പുരാവസ്തു ഗവേഷകര്‍ ആരംഭിച്ചത്. സീലോഹ കുളത്തില്‍ നിന്നും ദേവാലയത്തിലേക്ക് യഹൂദര്‍ എപ്രകാരമായിരിക്കും പോയിരിക്കുക എന്ന ചോദ്യത്തിലൂന്നി പുരാവസ്തുഗവേഷകര്‍ തങ്ങളുടെ ഉദ്ഘനനം വ്യാപിപ്പിക്കുകയായിരിന്നു. റോമാക്കാര്‍ ജെറുസലേം ദേവാലയം ആക്രമിക്കുന്നതിന് മുന്‍പുള്ള ചില ചെറിയ നാണയങ്ങളും കണ്ടെത്തിയിരിന്നു. ഇപ്പോള്‍ കാണുന്നതിനേക്കാള്‍ നാലോ അഞ്ചോ മടങ്ങ് വലുപ്പമുള്ള വീഥിയായിരിക്കും അന്നുണ്ടായതെന്ന് സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടറായ സീവ് ഓറന്‍സ്റ്റെയിന്‍ പറയുന്നു.

ഇരുവശങ്ങളിലും കടകളും കച്ചവടവും ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ‌ഡി 20നും 30നും ഇടയില്‍ റോമന്‍ ഗവര്‍ണര്‍ പന്തിയോസ് പീലാത്തോസ് നിര്‍മ്മിച്ചതാണ് ഈ പാതയെന്ന്‍ ഇസ്രായേലി പുരാവസ്തു അതോറിറ്റി അഭിപ്രായപ്പെടുന്നു. നിലവില്‍ വിശുദ്ധ പാതയുടെ പകുതി ഭാഗം മാത്രമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുന്നത്. ശേഷിക്കുന്നവ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യേശു ക്രിസ്തു ദേവാലയത്തിലേക്ക് പോയിരുന്ന അതേ വിശുദ്ധ വീഥിയിലൂടെ സഞ്ചരിക്കുവാനുള്ള അസുലഭ ഭാഗ്യമാണ് ഇതോടെ ജെറുസലേം തീര്‍ത്ഥാടകര്‍ക്ക് കൈവരാന്‍ പോകുന്നത്.


Related Articles »