Arts - 2025
ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതി കണ്ടെത്തി
സ്വന്തം ലേഖകന്‍ 13-07-2019 - Saturday
സ്വിറ്റ്സര്‍ലന്‍ഡ്: ലോകത്തെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതി കണ്ടെത്തിയെന്ന അവകാശവാദവുമായി ചരിത്രപണ്ഡിത രംഗത്ത്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാസെല്‍ യൂണിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസ്സറായ സബൈന്‍ ഹ്യൂബ്നെറാണ് ഈ ചരിത്രപരമായ കണ്ടെത്തലിനു പിന്നില്‍. റോമന്‍ സാമ്രാജ്യത്തിലെ ആദ്യകാല ക്രിസ്ത്യാനികള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വിലപ്പെട്ട ഉള്‍ക്കാഴ്ച നല്‍കുന്ന പാപ്പിറസിലെഴുതിയ ഈ കയ്യെഴുത്ത് പ്രതി എഡി 230-ല്‍ എഴുതപ്പെട്ടതാണെന്നാണ് അനുമാനിക്കപ്പെടുന്നത്.
റോമന്‍ ഈജിപ്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്ന നിലവിലുള്ള ക്രിസ്ത്യന്‍ രേഖകളില്‍ ഏറ്റവും പഴക്കമേറിയ ഈ രേഖ ബാസെല്‍ യൂണിവേഴ്സിറ്റിയുടെ പുരാതന രേഖകളുടെ ശേഖരത്തില്‍ നിന്നുമാണ് ലഭിച്ചത്. ഈജിപ്തിലെ ഹെറോനിനൂസ് ശേഖരം മാറ്റിയപ്പോഴായിരിക്കാം ഇത് ബാസെല്‍ യൂണിവേഴ്സിറ്റിയുടെ ശേഖരത്തില്‍ എത്തിയിരിക്കുകയെന്ന്‍ വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 100 വര്‍ഷമായി യാതൊരുവിധ പഠനങ്ങള്‍ക്കോ, ഗവേഷണത്തിനോ വിധേയമാകാതെ ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു ഈ അമൂല്യ രേഖ. അറിയാനൂസ് എന്ന് വിളിക്കപ്പെട്ടിരുന്ന വ്യക്തി തന്റെ സഹോദരനെഴുതിയ കത്താണിത്.
കത്തിലെ ‘കര്‍ത്താവില്‍ സുഖമായിരിക്കട്ടെ’ എന്ന്‍ അറിയാനൂസ് തന്റെ സഹോദരനെ ആശംസിക്കുന്നതാണ് അവസാനവരി. അക്കാലത്തെ ക്രിസ്ത്യന്‍ സമുദായങ്ങളില്‍ പരക്കെ ഉപയോഗിക്കപ്പെട്ടിരുന്ന ഒരു വാക്യമാണിതെന്നാണ് പ്രൊഫ. സബൈന്‍ പറയുന്നത്. ഇതില്‍ നിന്നും അറിയാനൂസും, അവന്റെ കുടുംബവും ക്രിസ്ത്യാനികളായിരുന്നുവെന്ന് വ്യക്തമായതായി പ്രൊഫ. സബൈന്‍ പറഞ്ഞു. മൂന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന പേരുകളില്‍ നിന്നും വ്യത്യസ്ഥമായൊരു പേരാണ് അറിയാനൂസിന്റെ സഹോദരന്റെ പാവ്ലൂസ് എന്ന പേര്. വിശുദ്ധ പൗലോസിന്റെ സമാനമായ പേരും ആദ്യകാലത്തെ ക്രിസ്തീയ വേരുകളിലേക്കു വിരല്‍ചൂണ്ടുന്നതായി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.