News - 2025
പാക്കിസ്ഥാനിലെ സേവനത്തിന് കന്യാസ്ത്രീക്ക് അവാര്‍ഡുമായി ബ്രിട്ടീഷ് യൂണിവേഴ്സിറ്റി
സ്വന്തം ലേഖകന്‍ 16-07-2019 - Tuesday
ലാഹോർ: പാക്കിസ്ഥാനിലെ വിദ്യാഭ്യാസ മേഖലയിൽ നിസ്തുലമായ സേവനം കാഴ്ചവെച്ച കന്യാസ്ത്രീക്ക് ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയുടെ അംഗീകാരം. സിസ്റ്റര്‍ ബെർക്കുമാൻസ് കോൺവെ എന്ന കന്യാസ്ത്രീക്കാണ് ബ്രിട്ടനിലെ സെന്‍റ് മേരീസ് യൂണിവേഴ്സിറ്റി അവാര്‍ഡ് പ്രഖ്യാപിച്ചത്. നാളെ വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ ആര്‍ച്ച് ബിഷപ്പും യൂണിവേഴ്സിറ്റി ചാൻസലറുമായ കർദ്ദിനാൾ വിൻസെന്റ് നിക്കോളാസ് സിസ്റ്റര്‍ ബെർക്കുമാന്‍സിനു ബെനെഡിക്റ്റ് മെഡൽ സമ്മാനിക്കും.
1930-ൽ ജനിച്ച സിസ്റ്റര്‍ കോൺവേ 1951-ല്‍ ലണ്ടനിലെ ജീസസ് ആൻഡ് മേരി കോൺവെന്റിൽ ചേരുകയായിരിന്നു. തുടർന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപതിനാലാമത്തെ വയസ്സില്‍ സിസ്റ്റര്‍ കോൺവേ പാക്കിസ്ഥാനിലെ മിഷന് യാത്രയായി. ലാഹോർ, മുറയ്, കറാച്ചി എന്നിവിടങ്ങളിൽ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിന് ജീവിതം സമര്‍പ്പിച്ച സിസ്റ്ററിനു 2012- ൽ പാക്ക് ഉന്നത സിവിലിയൻ ബഹുമതിയായ സിത്താര ഈ ക്വയ്‌ദ ഐ അസമ് നൽകി രാഷ്ട്രം ആദരിച്ചിരിന്നു. 'മാതൃകയാക്കാൻ ജീവിക്കുന്ന ഉദാഹരണം' എന്ന പേരിലാണ് സിസ്റ്ററിന്റെ പ്രവർത്തനങ്ങളെ രാജ്യം വിശേഷിപ്പിച്ചത്.
സിസ്റ്റര്‍ ബെർക്കുമാന്‍സ് തന്റെ അധ്യാപന ജീവിതത്തിന്റെ എഴുപതു വർഷങ്ങൾ പാകിസ്ഥാനിൽ സേവനത്തിനായി ചിലവഴിക്കുകയായിരുന്നുവെന്നു മുൻ ബ്രിട്ടീഷ് മന്ത്രിയും സെന്‍റ് മേരീസ് യൂണിവേഴ്സിറ്റി വിസിറ്റിംഗ് പ്രൊഫസറുമായ സയീദ വാർസി പറഞ്ഞു. പാക്ക് ക്രൈസ്തവ സമൂഹത്തിനു മാത്രമല്ല, ഇസ്ലാം മതസ്ഥര്‍ക്കുമുള്ള ആദരവാണ് സി. ബെർക്കുമാന്‍സ് കോൺവേക്കു ലഭിക്കുന്ന അവാര്‍ഡെന്നു കറാച്ചി അതിരൂപത വികാരി ജനറാളും നീതിന്യായ കമ്മീഷൻ ദേശീയ അധ്യക്ഷനുമായ ഫാ. സലേഹ് ഡിയാഗോ അഭിപ്രായപ്പെട്ടു. യുവജനങ്ങൾക്കു സ്വപ്നസാക്ഷാത്കാരത്തിനായി പിന്തുണ നൽകിയ സിസ്റ്ററിന്റെ ശിഷ്യരിൽ ഒരാളായിരുന്നു മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ.
