News - 2025

ഇസ്ലാമിക് സ്റ്റേറ്റിന്റെ മറ്റൊരു പതിപ്പ് പുറത്തുവന്നേക്കാം: ആശങ്കയുമായി കര്‍ദ്ദിനാള്‍ ലൂയിസ് സാകോ

സ്വന്തം ലേഖകന്‍ 18-07-2019 - Thursday

ദോഹുക്, ഇറാഖ്: ഇറാഖി ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് കടുത്ത ആശങ്ക പങ്കുവെച്ച് കല്‍ദായ കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയിസ് സാകോ. ഇറാഖി സര്‍ക്കാര്‍ അത്ര ശക്തമല്ലാത്തതിനാല്‍ ഈ സാഹചര്യം മുതലെടുത്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ മറ്റൊരു പതിപ്പ് പുറത്തുവരുവാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിക്കുന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള രണ്ടാമത് വട്ടമേശസമ്മേളനത്തിന് മുന്നോടിയായിട്ടാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ തങ്ങളുടെ പൂര്‍വ്വിക ഭൂമി നശിപ്പിച്ചതിനു ശേഷവും, തങ്ങളുടെ സ്ഥലങ്ങളുടെ മേലുള്ള ഷിയാ പോരാളികളുടെ അനധികൃത കയ്യേറ്റത്തെ ചെറുക്കേണ്ട അവസ്ഥയിലാണ് ഇറാഖി ക്രിസ്ത്യാനികളെന്നു അദ്ദേഹം പറയുന്നു.

ഒരിക്കല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടിയ ഇറാനുമായി ബന്ധമുള്ള ഷിയാ പോരാളികളുടെ സാന്നിധ്യവും സ്വാധീനവും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം തലവേദനയായി മാറിയിട്ടുണ്ട്. നിനവേ മേഖലയുടെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ തകര്‍ക്കുന്നതിനുള്ള ഒരു തന്ത്രമാണ് അവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ക്രിസ്ത്യന്‍ മേഖലയായ ബാര്‍ട്ടെല്ല താവളമാക്കുവാനാണ് ഷിയാ പോരാളികള്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കര്‍ദ്ദിനാള്‍ വിവരിച്ചു.

മൗലീകവാദമാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുസ്ലീം പള്ളികളിലെ വിദ്വേഷപരമായ പ്രസംഗങ്ങള്‍ കാരണം സാധാരണക്കാര്‍ക്കിടയില്‍ പോലും ഇസ്ലാമിക് സ്റ്റേറ്റിന്റെ അപകടകരമായ പ്രത്യയശാസ്ത്രം ഇപ്പോഴും ശക്തമാണ്. 2003-ല്‍ ഏതാണ്ട് 20 ലക്ഷത്തോളമുണ്ടായിരുന്ന ഇറാഖി ക്രിസ്ത്യന്‍ സമൂഹം ഇന്ന്‍ വെറും 2 ലക്ഷമായി ചുരുങ്ങി. വിഭാഗീയതയും, ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദികളുടെ ആക്രമണവുമാണ് കഴിഞ്ഞ 1400 വര്‍ഷങ്ങളായി തങ്ങള്‍ താമസിച്ചിരുന്ന മേഖലകളില്‍ നിന്നും ക്രിസ്ത്യാനികളെ ആട്ടിപ്പായിക്കുന്നതെന്നാണ് കര്‍ദ്ദിനാള്‍ സാകോ പറയുന്നത്.

അമേരിക്കയുടേയും, കത്തോലിക്കാ സഭയുടേയും, വിവിധ സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിനവേ, സിന്‍ജാര്‍ തുടങ്ങിയ ക്രിസ്ത്യന്‍ മേഖലകളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ ഭയന്ന്‍ പലായനം ചെയ്ത ക്രിസ്ത്യാനികളെ തിരിച്ചു കൊണ്ടുവരുകയെന്നത് ഏറെ ശ്രമകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കല്‍ദായ സഭയുടെ 15 ദേവാലയങ്ങളാണ് മൊസൂളില്‍ മാത്രം തകര്‍ക്കപ്പെട്ടത്. 5-10 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയങ്ങള്‍ ആരു പുനര്‍നിര്‍മ്മിക്കുമെന്നും കര്‍ദ്ദിനാള്‍ ചോദിക്കുന്നു.


Related Articles »