India - 2025

അല്മായ പ്രേഷിത മുന്നേറ്റങ്ങളിൽ സഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ

പ്രവാചകശബ്ദം 13-02-2025 - Thursday

കാക്കനാട്: അല്‍മായര്‍ വ്യക്തിപരമായും സംഘടിതമായും നടത്തിക്കൊണ്ടിരിക്കുന്ന പ്രേഷിത മുന്നേറ്റങ്ങളിൽ സഭ കൂടെയുണ്ടെന്നു മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭയുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മിഷൻ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും ആലോചനയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം മുഴുവനിലുമുള്ള സഭയുടെ വളർച്ചയ്ക്ക് അല്മായ മിഷനറിമാരുടെ പങ്ക് വളരെ വലുതാണെന്നും, ആത്മപ്രേരണയിൽ വ്യക്തികൾ തനിയെ തുടങ്ങിവച്ചതും പിന്നീടു വളർന്നു വലുതായതുമായ പ്രേഷിത പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

വ്യക്‌തി-കുടുംബം-ഇടവക-രൂപത-സഭ എന്നീ തലങ്ങളിൽ മിഷൻ പ്രവർത്തനം എങ്ങനെയെല്ലാം ക്രമപ്പെടുത്താമെന്നും ശക്തിപ്പെടുത്താമെന്നും അനുഭവസാക്ഷ്യങ്ങളുടെ വെളിച്ചത്തിൽ പങ്കുവെക്കപ്പെടുകയും മുന്നോട്ടുള്ള കർമ്മപരിപാടികൾക്ക് പദ്ധതിയിടുകയും ചെയ്‌തു. ഇപ്പോൾ നിലനിൽക്കുന്ന മിഷൻ പ്രവർത്തനങ്ങളുടെ തനിമ നഷ്ട്ടപെടുത്താതെതന്നെ സീറോമലബാർസഭയുടെ അൽമായ പ്രേഷിതപ്രസ്ഥാനം സംഘടിപ്പിക്കാൻ വേണ്ട നിർദേശങ്ങളും അതിനാവശ്യമായ മാർഗ്ഗരേഖയും ചർച്ചചെയ്യപ്പെട്ടു.

എല്ലാ കത്തോലിക്കാ വിശ്വാസികൾക്കും ഒരു പ്രേഷിതദൗത്യമുണ്ടെന്ന അവബോധം വളർത്താനും, മിഷനറി പ്രവർത്തനങ്ങൾക്കായി എല്ലാവരെയും പ്രചോദിപ്പിക്കാനും തീരുമാനം കൈകൊണ്ടു. സീറോമലബാർ അൽമായ മിഷനറി പ്രസ്ഥാനത്തിന്റെ ഔദ്യോഗിക ഉത്ഘാടനം മെയ് 5-ന് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ വച്ച് നടത്താൻ യോഗം തീരുമാനിച്ചു. സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മീഷൻ അംഗങ്ങളായ മാർ ജോസഫ് കൊല്ലംപറമ്പിൽ സി.എം.ഐ, മാർ ജോൺ നെല്ലിക്കുന്നേൽ, കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, അൽമായ പ്രേഷിത ശുശ്രൂഷകരുടെ പ്രതിനിധികളായ സെബാസ്റ്റ്യൻ തോമസ്, പ്രൊഫ. ആലിസ്കുട്ടി എന്നിവർ സംസാരിച്ചു.

വിവിധ പ്രേഷിത മുന്നേറ്റങ്ങളെ പ്രതിനിധീകരിച്ച് എത്തിച്ചേർന്ന മിഷനറിമാരെല്ലാവരും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചർച്ചകളിൽ ക്രിയാത്മകമായി പങ്കെടുക്കുകയും ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, ഓഫീസ്‌ സെക്രട്ടറി സി. മെർലിൻ ജോർജ് എം.എസ്.എം.ഐ എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.


Related Articles »