News
സിയോള്‍ അതിരൂപതയിലെ വൈദികരുടെ എണ്ണം ആയിരം പിന്നിട്ടു
പ്രവാചകശബ്ദം 13-02-2025 - Thursday
സിയോള്‍: 26 പുതിയ വൈദികര്‍ കൂടി അഭിഷിക്തരായതോടെ ദക്ഷിണ കൊറിയയിലെ സിയോൾ അതിരൂപതയിലെ ആകെ വൈദികരുടെ എണ്ണം 1,000 പിന്നിട്ടു. ഇക്കഴിഞ്ഞ ദിവസം നടന്ന തിരുപ്പട്ട ശുശ്രൂഷയില്‍ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-ടേക്ക് മുഖ്യകാര്‍മ്മികനായിരിന്നു. പുതുതായി നിയമിതരായ വൈദികരോട് യഥാർത്ഥ സ്നേഹത്തോടെയും നിരന്തരമായ സന്തോഷത്തോടെയും തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. മെത്രാന്റെ സഹകാരികളായി ദൈവജനത്തെ സേവിക്കാനാണ് വൈദികർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അവരുടെ പൗരോഹിത്യ ശുശ്രൂഷയിലൂടെ ബിഷപ്പുമായി ഒന്നിക്കുകയാണെന്നും ആർച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
അതേസമയം 194 വർഷങ്ങൾക്ക് ശേഷം സിയോള്‍ അതിരൂപത ആയിരം വൈദികര്‍ എന്ന നാഴികക്കല്ലിൽ എത്തിയിരിക്കുകയാണ്. 26 വൈദികരുടെ തിരുപ്പട്ട സ്വീകരണത്തോടെ, 2027-ൽ അടുത്ത ലോക യുവജന ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അതിരൂപതയിലെ വൈദികരുടെ എണ്ണം 974 ൽ നിന്ന് (ഒരു കർദ്ദിനാൾ, ഒരു ആർച്ച് ബിഷപ്പ്, മൂന്ന് ബിഷപ്പുമാർ, നാല് മോൺസിഞ്ഞോർമാർ എന്നിവരുൾപ്പെടെ) കൃത്യം ആയിരമായി ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കൊറിയൻ സഭയിൽ മൊത്തത്തിൽ 5721 വൈദികരുണ്ട്. ഇതില്‍ ആയിരം പേരും സിയോള്‍ അതിരൂപതയില്‍ നിന്നുള്ളവരാണെന്നത് ശ്രദ്ധേയമാണ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
![](/images/close.png)