News - 2025
തുർക്കി അധിനിവേശത്തില്‍ അമേരിക്കൻ ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ ക്രൈസ്തവർ
സ്വന്തം ലേഖകന്‍ 23-07-2019 - Tuesday
ഇര്‍ബില്‍: സിറിയയുടെ കിഴക്കൻ യൂഫ്രട്ടീസ് പ്രദേശത്ത് തുർക്കിയുടെ കടന്നുകയറ്റം നടക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷണങ്ങള്‍ വരുന്നതിനാല്‍ അമേരിക്കൻ ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ ക്രൈസ്തവർ രംഗത്ത്. അമേരിക്കൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സിറിയക് മിലിട്ടറി കൗൺസിലാണ് വിഷയത്തില്‍ അടിയന്തര ഇടപെടലിനായി ശ്രദ്ധ ക്ഷണിച്ചത്. തുർക്കിയുടെ അധിനിവേശം സിറിയയുടെ വടക്കുകിഴക്കൻ മേഖലകളിൽ താമസിക്കുന്ന ആയിരക്കണക്കിന് ക്രൈസ്തവരെ അത് ബാധിക്കുമെന്ന് സംഘടന ആശങ്ക പ്രകടിപ്പിച്ചു. ലോകത്തിലെ ഏറ്റവും പുരാതന ക്രൈസ്തവ സമൂഹങ്ങളിൽ ഒന്നാണ് സിറിയയിലേത്. എന്നാല്‍ ആഭ്യന്തര യുദ്ധത്തെയും ഇസ്ലാമിക് സ്റ്റേറ്റ്സിന്റെയും ഭീഷണിയെ തുടര്‍ന്നു യൂറോപ്പിലേക്കും മറ്റും കുടിയേറുകയായിരിന്നു.
തുർക്കി അതിക്രമം നടത്തിയാൽ തുർക്കിയുടെയും, സിറിയയുടെയും അതിർത്തിയിൽ ജീവിക്കുന്ന ശേഷിക്കുന്ന ക്രൈസ്തവർക്കും സ്വന്തം ഭൂമി നഷ്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര സിറിയയിലെ ടല്‍ അബ്യാഡില്‍ നിന്നും ഇതിനോടകം തന്നെ ഒരു മതിൽ നീക്കം ചെയ്യുവാന്‍ തുര്‍ക്കി ആരംഭിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സിറിയക് മിലിട്ടറി കൗൺസിൽ പുറത്തുവിട്ട പത്രക്കുറിപ്പിൽ 'അവർ ഉത്തര സിറിയ കീഴടക്കാൻ ലക്ഷ്യം വെക്കുന്നു' എന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. വടക്കു കിഴക്കൻ മേഖലയിലെ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലാണ് ക്രൈസ്തവർ ഇപ്പോൾ ജീവിക്കുന്നത്. പുതിയ ഭീഷണി ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.