News - 2025

ഏഷ്യന്‍ സഭയെ ഉണര്‍ത്താന്‍ പുതിയ പൊന്തിഫിക്കല്‍ സെമിനാരി

സ്വന്തം ലേഖകന്‍ 01-08-2019 - Thursday

വത്തിക്കാന്‍ സിറ്റി: ചൈനയിലെ പ്രത്യേക ഭരണ മേഖലകളിൽ ഒന്നായ മക്കാവോയില്‍ വത്തിക്കാന്‍റെ സുവിശേഷവത്ക്കരണത്തിനുള്ള പുതിയ സെമിനാരി അടുത്ത മാസം ആരംഭിക്കും. വിശ്വാസ പ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമായത്. “റിഡംപ്റ്റോറിസ് മാത്തര്‍” (Redemptoris Mater) അഥവാ “രക്ഷകന്‍റെ അമ്മ” എന്നു പേരിട്ടിരിക്കുന്ന വിശ്വാസപരിശീലന കേന്ദ്രം സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ആരംഭിക്കുന്നത്.

ഏഷ്യ ഭൂഖണ്ഡത്തിന്‍റ സുവിശേഷവത്ക്കരണത്തിനായി വൈദികരെ രൂപപ്പെടുത്തുകയാണ് സെമിനാരിയുടെ അടിസ്ഥാനലക്ഷ്യം. പാവങ്ങളിലേക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്കും എത്തിച്ചേരുവാനും അവരെ വളര്‍ത്തുവാനുമുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനം 'സുവിശേഷത്തിന്റെ ആനന്ദം'- ല്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ സെമിനാരി ആരംഭിക്കുന്നത്.

പ്രാര്‍ത്ഥനാജീവിതത്തിലും ദൈവിക പുണ്യങ്ങളിലും, തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങളിലും സമര്‍പ്പിതരായ ഭാവി വൈദികരെ സുവിശേഷവത്ക്കരണത്തിന്‍റെ ആത്മീയ യാത്രയ്ക്കായി ഒരുക്കുന്നതോടൊപ്പം, സഭാശുശ്രൂഷയില്‍ താല്പര്യമുള്ള അല്‍മായരെയും കുടുംബങ്ങളെയും സുവിശേഷപ്രഘോഷണത്തിനും മതബോധനത്തിനുമായി രൂപപ്പെടുത്തുക എന്ന ദൌത്യവും മക്കാവിലെ സെമിനാരി വഹിക്കും.


Related Articles »