India - 2025
ചങ്ങനാശ്ശേരി അതിരൂപതയിൽ 40 ദിന അഖണ്ഡ പ്രാർത്ഥന നാളെ മുതല്‍
Abraham Puthenkalam 12-02-2025 - Wednesday
മാർച്ച് 25 മംഗളവാർത്താ ദിനത്തിലേക്ക് പ്രാർത്ഥിച്ച് ഒരുങ്ങുന്നതിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപതയിലെ ദേവാലയങ്ങളിൽ 40 ദിന പ്രാർത്ഥന നടത്തുന്നു. ഫെബ്രുവരി 13 മുതൽ മാർച്ച് 24 വരെയുള്ള 40 ദിവസങ്ങൾ അതിരൂപതയിലെ 230 ദേവാലയങ്ങളിലും ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ, മാതൃവേദി, പിതൃവേദി അംഗങ്ങൾ ഒന്നിച്ചു കൂടി പ്രാർത്ഥിക്കും. ഫെബ്രുവരി 13 വ്യാഴാഴ്ച തുരുത്തി ഫൊറോനാ പള്ളിയിൽ രാവിലെ 9.30 മുതൽ 10.30 വരെ ഒന്നിച്ചു കൂടി 40 ദിന പ്രാർത്ഥനയുടെ ഔദ്യോഗിക തുടക്കം കുറിക്കും.
ജീവന്റെ സുവിശേഷമായ ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിൻ്റെ മഹാജൂബിലി (2025)യുടെ വിശുദ്ധ നാളുകളിൽ ജീവൻ്റെ പരിപോഷണത്തിനും സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കാനുള്ള 40 ദിനങ്ങളാണ് കടന്നുവരുന്നത്. ഈ ദിവസങ്ങളിലാണ് ഇടവകയിൽ പ്രോലൈഫ് നിയോഗാർത്ഥമുള്ള പ്രാർത്ഥനാദിനമായി ആചരിക്കുക. ഗർഭസ്ഥശിശുക്കൾ, ഗർഭച്ഛിദ്രത്തിന് ഇരകളായവർ, ഗർഭിണികൾ, രോഗാതുരർ, വയോധികർ, പ്രോ-ലൈഫ് പ്രവർത്തകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ എന്നിങ്ങനെ എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കും.
പരിശുദ്ധ കുർബാന അർപ്പണം, ആരാധന, ദൈവവചന വിചിന്തനം, ജപമാല എന്നിങ്ങനെ വിവിധ ശുശ്രൂഷകൾ ഇടവകകളിൽ ക്രമീകരിക്കാം. ഈ കാലയളവിൽ ഇടവക തലത്തിൽ വലിയ കുടുംബങ്ങളുടെ കൂട്ടായ്മകൾ നടത്തുകയും, ഇടവകയുടെ ജീവകാരുണ്യ ശുശ്രൂഷകളിൽ പങ്കുചേരുകയും യുവതലമുറയിലേക്ക് പ്രോലൈഫിന്റെ പ്രാധാന്യം എത്തിക്കുവാൻ തക്കവിധത്തിലുള്ള വിവിധ പരിപാടികൾ നടത്തുകയും ചെയ്യാം. പ്രോലൈഫ് ദിനമായ മാർച്ച് 25 ന് അതിരൂപതതലത്തിൽ പ്രാർത്ഥനാശുശ്രൂഷ, പ്രോ - ലൈഫ് റാലി എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തപ്പെടും.
![](/images/close.png)