News - 2024

ഭാരത സന്ദര്‍ശനത്തിന് തയാറെടുത്ത് ആർച്ച് ബിഷപ്പ് ജസ്റ്റിന്‍ വെൽബി

സ്വന്തം ലേഖകന്‍ 02-08-2019 - Friday

ലണ്ടൻ: ക്രൈസ്തവ സഭകളുടെ ക്ഷണം സ്വീകരിച്ച് ഭാരത സന്ദർശനത്തിനു ആംഗ്ലിക്കന്‍ സഭയുടെ തലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിന്‍ വെൽബി തയാറെടുക്കുന്നു. പ്രാദേശിക ക്രൈസ്തവ സമൂഹങ്ങളെ സന്ദർശിക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും പത്തു ദിവസത്തെ പരിപാടികളാണ് അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത്. ഈസ്റ്റർ ദിനത്തിലെ സ്‌ഫോടനത്തിൽ മരണമടഞ്ഞ ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന ശ്രീലങ്കൻ സന്ദർശനത്തിനു ശേഷം ഓഗസ്റ്റ് 31നാണ് അദ്ദേഹം ഭാരതത്തിലെത്തുക. കോട്ടയം, ബാംഗ്ലൂർ, ഹൈദരാബാദ്, മേദക്, ജബൽപൂർ, കൊൽക്കത്ത, അമൃത്സർ എന്നീ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ ഉണർവും സഭയുടെ വിവിധ സാമൂഹിക പദ്ധതികൾക്ക് പിന്തുണയും നൽകുകയാണ് അദ്ദേഹത്തിന്റെ സന്ദർശന ലക്ഷ്യം.

ജബൽപൂർ ക്രൈസ്തവ വിദ്യാലയ ഉദ്ഘാടനവും മതേതര പഠനകേന്ദ്രമായ ഹൈദരാബാദ് ഹെൻറി മാർട്ടിൻ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു ക്രൈസ്തവ പ്രാർത്ഥനകളെക്കുറിച്ചു പ്രഭാഷണവും അദ്ദേഹം നടത്തും. ജാലിയൻവാലാബാഗ് ദുരന്തത്തിന്റെ ശതാബ്തിയോടനുബന്ധിച്ചു അവിടം സന്ദർശിക്കാനും തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ലാമ്പത് പാലസ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴിലുള്ള ബി‌ജെ‌പി പാര്‍ട്ടിയുടെ ഭരണം ക്രൈസ്തവ പീഡനങ്ങൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചതു അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിന്നു. സഭാനേതാവെന്ന നിലയിൽ ക്രൈസ്തവരുടെ പ്രശ്നങ്ങൾ കേൾക്കാനും മതസ്വാതന്ത്ര്യം സംരക്ഷിക്കുവാൻ ഭരണകൂടത്തോട് ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെടുമെന്നും ലാമ്പത് പാലസ് വ്യക്തമാക്കി.


Related Articles »