India - 2025
ഡോ. ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയര്‍ രൂപത മെത്രാനായി അഭിഷിക്തനായി
സ്വന്തം ലേഖകന്‍ 05-08-2019 - Monday
ഗ്വാളിയര്‍: മലയാളിയും തൃശൂര്‍ അതിരൂപതയിലെ ഏനാമാക്കല്‍ ഇടവകാംഗവുമായ ഡോ. ജോസഫ് തൈക്കാട്ടില്‍ ഗ്വാളിയര്‍ രൂപത മെത്രാനായി അഭിഷിക്തനായി. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് തിരുക്കര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. ഗ്വാളിയര്‍ സെന്റ് പോള്‍സ് സ്‌കൂള്‍ മൈതാനിയില്‍ ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കിയാണ് മെത്രാഭിഷേകം നടന്നത്. നിലവിലെ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോണ്‍ സേവ്യര്‍ നിയുക്ത മെത്രാനെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തി. ന്യുണ്‍ഷ്യോയുടെ പ്രതിനിധി മാര്‍പാപ്പയുടെ കല്പന ഡോ. ജോസഫ് തൈക്കാട്ടിലിനു കൈമാറി.
പ്രയാഗ്രാജ് മെത്രാനും തൃശൂര്‍ വെണ്ടോര്‍ ഇടവകാംഗവുമായ ഡോ. റാഫി മഞ്ഞളി വചനസന്ദേശം നല്‍കി. ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ലിലോ കൊര്‍ണേലിയോ, ആഗ്ര ആര്‍ച്ച് ബിഷപ്പ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കൈതത്തറ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഏനാമാവ് ഇടവകയില്‍ നിന്നു വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂരിന്റെ നേതൃത്യത്തില്‍ 200 അംഗ വിശ്വാസീസംഘവും സഹോദരന്മാരായ ജോര്‍ജ്, ഫ്രാന്‍സിസ് എന്നിവരും കുടുംബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. മെത്രാഭിഷേകത്തെ തുടര്‍ന്നു ആഘോഷമായ ദിവ്യബലിയും പൊതു സമ്മേളനവും സ്‌നേഹവിരുന്നും നടന്നു.
