Faith And Reason - 2024
നിരീശ്വരവാദികള്‍ക്കു തിരിച്ചടി: പെൻസിൽവാനിയ ഔദ്യോഗിക മുദ്രയിലെ കുരിശ് തുടരും
സ്വന്തം ലേഖകന്‍ 10-08-2019 - Saturday
പെൻസിൽവാനിയ: അമേരിക്കന്‍ സംസ്ഥാനമായ പെൻസിൽവാനിയന്‍ കൌണ്ടിയിലെ ലേഹൈ ഔദ്യോഗിക മുദ്രയിലെ കുരിശ് നീക്കം ചെയ്യാന്‍ നിരീശ്വരവാദികള്‍ നടത്തിയ ഇടപെടലിന് വന്‍ തിരിച്ചടി. വിശ്വാസപരമായ ഒരു അടയാളം എന്നതിനേക്കാളുപരിയായി ചരിത്രത്തെയാണ് മുദ്രയിലെ കുരിശ് സൂചിപ്പിക്കുന്നതെന്ന്‍ വ്യക്തമാക്കി കുരിശ് നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്നു ഫിലാഡല്‍ഫിയായിലെ സര്‍ക്യൂട്ട് കോടതി വിധിച്ചു. 2016-ലാണ് സീലിലെ ഔദ്യോഗിക കുരിശുചിഹ്നം മാറ്റണമെന്ന ആവശ്യവുമായി ഫ്രീഡം ഫ്രം റിലീജിയന്‍ ഫൌണ്ടേഷന്‍ എന്ന നിരീശ്വരവാദികളുടെ സംഘടന കോടതിയെ സമീപിച്ചത്.
ഔദ്യോഗിക സീലില്‍ കുരിശുമുദ്ര ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ചായിരിന്നു കേസ് ഫയല്‍ ചെയ്തത്. 2017-ല്‍ നിരീശ്വര സംഘടനകള്‍ക്ക് അനുകൂലമായ വിധിയുണ്ടായെങ്കിലും ഇതിനെ ശക്തമായി ചോദ്യം ചെയ്തു ബെക്കറ്റിലെ സീനിയര്‍ കൌണ്‍സിലര്‍ ഡയാന വേം അടക്കമുള്ളവര്‍ അപ്പീല്‍ പോകുകയായിരിന്നു. ഇതിലാണ് കഴിഞ്ഞ ദിവസം വിധിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ എഴുപതു വർഷം യാതൊരു പരാതിയും കൂടാതെ ഈ ചിഹ്നം ഔദ്യോഗികമായി ഉപയോഗിച്ചെന്നും പെൻസിൽവാനിയയുടെ ചരിത്രത്തെ പ്രത്യേകമായ തരത്തിൽ സൂചിപ്പിക്കുന്നതിനാൽ കുരിശ് നീക്കം ചെയ്യേണ്ടതില്ലായെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്രൈസ്തവ പ്രതീകങ്ങളെ പൊതുസ്ഥലങ്ങളില്‍ നിന്ന് ഉന്മൂലനം ചെയ്യാന്‍ പലവട്ടം ഇടപെടല്‍ നടത്തി പരാജയപ്പെട്ട സംഘടനയാണ് ഫ്രീഡം ഫ്രം റിലീജിയന്‍ ഫൌണ്ടേഷന്‍. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ടെക്സാസിലെ ചരിത്രമുറങ്ങുന്ന സാന്‍ ജസിന്തോ കൗണ്ടി കോര്‍ട്ട്ഹൗസിന്റെ പുറത്ത് സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സംഘടനക്ക് ശക്തമായ മറുപടിയുമായി പ്രദേശവാസികള്‍ ഒന്നടങ്കം രംഗത്തെത്തിയിരിന്നു. പ്രമുഖ അമേരിക്കന്‍ സെനറ്റ് അംഗവും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ മാര്‍ക്കോ റൂബിയോ ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയതും ഇതേ സംഘടന തന്നെയായിരിന്നു.