News - 2025
ട്രംപ് ഭരണകൂടം നാടുകടത്തിയ ക്രൈസ്തവ വിശ്വാസിക്ക് ഇറാഖിൽ ദാരുണാന്ത്യം
സ്വന്തം ലേഖകന്‍ 11-08-2019 - Sunday
ഇര്‍ബില്‍: അഭയാർത്ഥിയായി അമേരിക്കയിലെത്തുകയും പിന്നീട് ട്രംപ് ഭരണകൂടം നാടുകടത്തുകയും ചെയ്ത കൽദായ ക്രൈസ്തവ വിശ്വാസിക്ക് ഇറാഖില്‍ ദാരുണാന്ത്യം. കൽദായ ക്രിസ്ത്യാനിയായ ജിമ്മി അൽദൗതാണ് പ്രമേഹരോഗത്തിന് ആവശ്യമായ ഇൻസുലിൻ കിട്ടാത്തതു മൂലം മരണമടഞ്ഞത്. ട്രംപ് സർക്കാർ അഭയാർത്ഥിയോട് കാണിച്ച മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ശക്തമായ വിമർശനമുയരുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് അമേരിക്ക, ജിമ്മിയെ ഇറാഖിലേക്ക് മടക്കിയയച്ചത്. ജിമ്മി അൽദൗതിന് ഒരു വയസ്സിൽ താഴെ പ്രായമുണ്ടായിരുന്ന സമയത്ത് ജിമ്മിയുടെ മാതാപിതാക്കൾ ഗ്രീസിലെത്തുകയും അവിടെനിന്ന് അമേരിക്കയിൽ അഭയാർത്ഥി പദവിക്ക് അപേക്ഷിക്കുകയുമായിരുന്നു.
ചെറുപ്പത്തിലെ തൊട്ട് ജിമ്മിയെ പ്രമേഹവും, മാനസികപ്രശ്നങ്ങളും അലട്ടിയിരുന്നു. നാടുകടത്തിയതിന് രണ്ടാഴ്ചക്കു ശേഷം പുറത്തുവന്ന ഒരു വീഡിയോയിൽ താന്‍ ഒരു പ്രമേഹരോഗിയാണെന്നും തന്നെ തിരികെ അയക്കരുതെന്ന് അവരോടു യാചിച്ചിരിന്നുവെന്നും ജിമ്മി അൽദൗത് പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മിച്ചിഗൺ സംസ്ഥാനത്തെ സംസ്ഥാന ജനപ്രതിനിധി മാരി മനോഗിയനാണ് വീഡിയോ പുറത്തുവിട്ടത്. 2017ൽ ട്രംപ് സർക്കാർ പുറത്തിറക്കിയ യാത്ര വിലക്ക് പ്രഖ്യാപനത്തിനുശേഷം അമേരിക്കയിലുള്ള നിരവധി കല്ദായ സഭാംഗങ്ങൾ നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ട്. തിരികെ ഇറാഖിൽ ചെന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദികളുടെ ഭീഷണികളാണ് നേരിടാനുള്ളത്.
![](/images/close.png)