News - 2025

കാനഡക്ക് ഇന്ന് കറുത്ത ദിനം? ബ്ലാക്ക് മാസ് വേദിക്ക് പുറത്തു പ്രാര്‍ത്ഥന ഉയര്‍ത്താന്‍ വൈദികര്‍

സ്വന്തം ലേഖകന്‍ 17-08-2019 - Saturday

ഒട്ടാവ: കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി പരസ്യ കറുത്ത കുര്‍ബാന ഇന്നു നടക്കാനിരിക്കെ വേദിയുടെ പുറത്തു പ്രാര്‍ത്ഥന ഉയര്‍ത്താന്‍ വിശ്വാസികളും വൈദികരും സംഘടിക്കും. ഒട്ടാവയിലെ സാത്താനിക് ടെമ്പിള്‍ സംഘടിപ്പിക്കുന്ന ബ്ലാക്ക് മാസ് ‘ദി കൊവെന്‍’ റെസ്റ്റോറന്റില്‍ ഇന്ന്‍ ശനിയാഴ്ച രാത്രി 10 മണിക്കു നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം ഒട്ടാവ ആര്‍ച്ച് ബിഷപ്പ് ടെറെന്‍സ് പ്രെന്‍ഡര്‍ഗാസ്റ്റ് കൊടുംതിന്മയെ പരസ്യമായി അപലപിച്ചുകൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു. ഇത് വിദ്വേഷപരമാണെന്നും ഇതിനെതിരെ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. റെസ്റ്റോറന്റിന് പുറത്തുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ ക്ഷണിച്ചുകൊണ്ട് വൈദികര്‍ക്കു കത്ത് അയച്ചിട്ടുണ്ട്.

ഇതിനിടെ പൈശാചിക നീക്കത്തിനെതിരെ റെസ്റ്റോറന്റിന് മുന്നില്‍ വിശ്വാസികള്‍ നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഇതിനോടകം തന്നെ 4 പുരോഹിതരും പങ്കുചേര്‍ന്നു കഴിഞ്ഞു. മറ്റ് വൈദികരും വിശ്വസികളും ഇന്ന്‍ രാത്രി പത്തുമണിയോട് കൂടി റെസ്റ്റോറന്റിനു മുന്നില്‍ പ്രാര്‍ത്ഥിക്കുവാന്‍ എത്തും. വിശുദ്ധ കുര്‍ബാനയെ അപഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന സാത്താനിക ആചാരം ദൈവനിന്ദയാണെന്നും അതില്‍ പങ്കുചേരുന്നവരെ മാത്രം ബാധിക്കുന്നതല്ലായെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇതിനു പരിഹാരമായി ഇന്ന്‍ പ്രത്യേക വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനും അദ്ദേഹം പദ്ധതിയിട്ടിട്ടുണ്ട്.

പ്രാര്‍ത്ഥനയുമായി സഭാ നേതൃത്വത്തിന്റെ കാണപ്പെട്ട അടയാളങ്ങളായി തങ്ങള്‍ അവിടെ ഉണ്ടാകുമെന്ന്‍ ഒരു കനേഡിയന്‍ വൈദികന്‍ ലൈഫ്സൈറ്റ് ന്യൂസിനോട് പറഞ്ഞു. ഏറ്റുമുട്ടലിനോ കലഹത്തിനോ തങ്ങളില്ലെന്നും, അവിടെ എത്തുന്ന വിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കുവാനും, അവിടെ കൂടിയിരിക്കുന്നവര്‍ ദൈവത്താല്‍ സംരക്ഷിതരായിരിക്കുവാന്‍ അവരുടെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനുമാണ് തങ്ങളുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ കൂടുതല്‍ പുരോഹിതര്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നേപ്പിയനൈല്‍ സെന്റ്‌ മോറിസ് ഇടവകയിലെ മൈക്കേല്‍ ഡോപ്പ്, ജോണ്‍ പാച്ചെക്കോ എന്നിവരാണ് കറുത്ത കുര്‍ബാനക്കെതിരെയുള്ള പ്രതിഷേധത്തിന് കഴിഞ്ഞ ദിവസം മുതല്‍ നേതൃത്വം നല്‍കുന്നത്. കാനഡ സാത്താനിക് ടെമ്പിളിന്റെ നാഷണല്‍ ഡയറക്ടര്‍ നിക്കോളാസ് മാര്‍ക്ക് ആണ് കറുത്ത കുര്‍ബാനയുടെ സംഘാടകരില്‍ പ്രധാനി. വിശുദ്ധ കുര്‍ബാനയെ വളരെ മോശമായി അനുകരിക്കുന്ന ആഭിചാര കര്‍മ്മമായ കറുത്ത കുര്‍ബാന ക്രൈസ്തവ വിശ്വാസത്തോടുള്ള അതികഠിനമായ പരസ്യമായി നിന്ദയാണ്. ആഭിചാരത്തില്‍ വാഴ്ത്തപ്പെട്ട തിരുവോസ്തി ഉപയോഗിക്കില്ലെന്ന് സാത്താനിക് ടെമ്പിള്‍ പറഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസ സമൂഹത്തിനിടയില്‍ ആശങ്കയേറുകയാണ്.


Related Articles »