News
ഇസ്ലാമിക് സ്റ്റേറ്റ് നശിപ്പിച്ച ദേവാലയം ഇറാഖിൽ പുനഃപ്രതിഷ്ഠിച്ചു
സ്വന്തം ലേഖകന്‍ 17-08-2019 - Saturday
നിനവേ: അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് നശിപ്പിച്ച മാർ ബഹ്നം ആൻഡ് മാർ സാറ ദേവാലയം പുനഃപ്രതിഷ്ഠിച്ചു. ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചാണ് വ്യാഴാഴ്ച ദേവാലയം പുനഃപ്രതിഷ്ഠിക്കപ്പെട്ടത്. മൊസൂൾ ആർച്ച് ബിഷപ്പായ പെട്രോസ് മൂച്ചേ, വൈദികരുടെയും പ്രദേശത്തെ കത്തോലിക്കാ വിശ്വാസികളുടെയും സാന്നിധ്യത്തില്‍ നവീകരിച്ച ദേവാലയം വീണ്ടും തുറക്കുകയായിരിന്നു. അഗ്നിബാധയെ തുടര്‍ന്നു കറുത്ത നിറത്തിലായ ദേവാലയത്തിന്റെ ഭാഗങ്ങള്‍ പെയിന്‍റ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. അഞ്ചു വർഷങ്ങൾക്കു മുമ്പ് യേശുവിന്റെ രൂപാന്തരീകരണ തിരുനാൾ ദിനത്തിലാണ് നിനവേ പ്രവിശ്യയിലുള്ള ക്വരാഘോഷ് നഗരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നശിപ്പിച്ചത്. ഇതേ തുടര്‍ന്നു ആയിരകണക്കിന് വിശ്വാസികളാണ് പലായനം ചെയ്തത്.
2014ൽ അരലക്ഷത്തോളം ക്രൈസ്തവർ ഈ നഗരത്തിൽ ജീവിച്ചിരുന്നു. ഇപ്പോൾ അത് നേർപകുതിയായി കുറഞ്ഞിരിക്കുകയാണ്. പ്രദേശം ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴിലായിരുന്ന സമയത്ത് പല ദേവാലയങ്ങളും അവർ നശിപ്പിച്ചിരുന്നു. യുദ്ധത്തിനുള്ള നിർദ്ദേശങ്ങൾ തീവ്രവാദികൾ ദേവാലയങ്ങളുടെ ഭിത്തിയില്‍ എഴുതി. സെന്റ് ഗ്രിഗോറിയോസ് ദേവാലയമാണ് തീവ്രവാദികള്‍ ബോംബ് നിർമാണത്തിനായി ഉപയോഗിച്ചത്. മൊസൂളിൽ നിന്നും 2017 ലാണ് ഇസ്ലാമിക് സ്റ്റേറ്റിനെ പൂർണമായി തുരത്തിയത്. എന്നാൽ ഇവിടെനിന്ന് പലായനം ചെയ്തുപ്പോയ ക്രൈസ്തവരിൽ വലിയൊരു ശതമാനം തിരികെ മടങ്ങിയിട്ടില്ല. ക്രൈസ്തവർക്കും, യസീദികൾക്കും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ പൈതൃക ഭൂമിയിലേക്ക് മടങ്ങിവരാന്‍ ഇവര്‍ വൈമുഖ്യം കാണിക്കുന്നത്.
![](/images/close.png)