India - 2024

ദളിത് ക്രൈസ്തവര്‍ക്കു തുല്യനീതി ലഭ്യമാക്കണം: മോന്‍സ് ജോസഫ് എംഎല്‍എ

20-08-2019 - Tuesday

ചങ്ങനാശേരി: മതേതരത്വ ഭാരതത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യനീതി ദളിത് ക്രൈസ്തവര്‍ക്കു ലഭ്യമാക്കണമെന്നു മോന്‍സ് ജോസഫ് എംഎല്‍എ. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ കുറുമ്പനാടം ഫൊറോനാ പള്ളിയില്‍ സംഘടിപ്പിച്ച നീതിഞായര്‍ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്ന ഒറ്റക്കാരണത്താല്‍ അവകാശങ്ങള്‍ നിഷേധിക്കുന്നത് അനീതിയാണെന്നും ദളിത് ക്രൈസ്തവ സംവരണ വിഷയത്തില്‍ കേരള നിയമസഭ അഭിപ്രായ സമന്വയം രൂപീകരിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിരൂപത പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ചാന്‍സലര്‍ റവ.ഡോ. ഐസക്ക് ആലഞ്ചേരി സന്ദേശം നല്‍കി. ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ ചാലയ്ക്കല്‍, മാത്യു ജോസഫ്, ബേബി എം.സി., ഷൈജു ജോസഫ്, ജിബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടു ഫൊറോനാപള്ളി വികാരി ഫാ. ജോര്‍ജ് നൂഴായിത്തടം പതാക ഉയര്‍ത്തി.


Related Articles »