Life In Christ - 2025

എന്‍ബിഎയിലെ പ്രമുഖ റഫറി ഇനി ഫിലാഡല്‍ഫിയ അതിരൂപതയിലെ ഡീക്കന്‍

സ്വന്തം ലേഖകന്‍ 23-08-2019 - Friday

ഫിലാഡല്‍ഫിയ: ലോകത്തെ ആദ്യത്തെ പ്രൊഫഷണല്‍ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായിരുന്ന സ്റ്റീവ് ജാവി ഇനി, ഫിലാഡല്‍ഫിയാ അതിരൂപതയിലെ സെന്റ്‌ ആന്‍ഡ്ര്യൂ ഇടവക ദേവാലയത്തിലെ സ്ഥിര ഡീക്കന്‍. 25 വര്‍ഷത്തോളം ആയിരത്തിഅഞ്ഞൂറിലധികം മത്സരം നിയന്ത്രിച്ചിട്ടുള്ള അദ്ദേഹം സകലരെയും അമ്പരിപ്പിച്ചുകൊണ്ട് കളിക്കളത്തിന് പുറത്തുള്ള മറ്റൊരു ജീവിതം ആരംഭിച്ചിരിക്കുന്നത്. ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ നിന്നും അള്‍ത്താരയിലേക്കുള്ള പരിവര്‍ത്തനത്തിന്റെ അനുഭവം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളായിരിന്നുവെന്ന് ജാവി പറയുന്നു.

ഒരു കായിക കുടുംബത്തില്‍ ജനിച്ച മോണ്ടഗോമറി കൗണ്ടി സ്വദേശിയായ ജാവി, ഏറെ ശ്രദ്ധനേടിയ ഇരുനൂറിലധികം പ്ലേ ഓഫ് മത്സരങ്ങളും ഇരുപതിലധികം ഫൈനലുകളും നിയന്ത്രിച്ചിരിന്നു. 2011-ലെ സീസണിനു ശേഷം മുട്ടുവേദനയാണ് അറുപത്തിനാലുകാരനായ ജാവിയെ കളിക്കളം വിടുവാന്‍ പ്രേരിപ്പിച്ചത്. ആ വര്‍ഷത്തെ എന്‍.ബി.എ ഫൈനല്‍സിലെ നിര്‍ണ്ണായകമായ ആറാമത്തെ മത്സരമായിരുന്നു അദ്ദേഹം അവസാനമായി നിയന്ത്രിച്ച മത്സരം. അതിനു മുന്‍പേ തന്നെ ആത്മീയതയോടുള്ള ആഗ്രഹം ജാവിയില്‍ ഉടലെടുത്തിരുന്നു. ഭാര്യയുടെ സഹായത്തോടെയാണ് തന്റെ ഡയക്കനേറ്റ് സാധ്യമായതെന്നു ജാവി പറയുന്നു.

ചെറുപ്പകാലത്ത് താന്‍ ഉപേക്ഷിച്ച യേശുവിലുള്ള വിശ്വാസം ഭാര്യയുടെ സഹായത്തോടെ അദ്ദേഹം വീണ്ടും കണ്ടെത്തുകയായിരിന്നു. 1999-ല്‍ നികുതിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ നിന്നും കുറ്റവിമുക്തനായതും ജാവിയെ വിശ്വാസത്തിലേക്ക് അടുപ്പിച്ചു. കളിക്കാര്‍ക്ക് നേരെ വിസില്‍ മുഴക്കി നടക്കുന്നതിലും കൂടുതലായി തനിക്ക് എന്തോ ചെയ്യുവാനുണ്ടെന്ന തോന്നല്‍ തന്നില്‍ ശക്തമായിരുന്നുവെന്ന് ജാവി വെളിപ്പെടുത്തുന്നു. വിശുദ്ധ ആന്‍ഡ്ര്യൂസിന്റെ ഒരു പരിപാടിക്കിടയില്‍ ഒരു പ്രാസംഗികന്‍ കത്തോലിക്കാ ഡയക്കനേറ്റിനെക്കുറിച്ച് പറഞ്ഞത് ജാവിയെ സ്വാധീനിച്ചു.

അത് തനിക്കുള്ള ഒരു ദൈവവിളിയായി അദ്ദേഹത്തിന് അനുഭവപ്പെടുകയായിരിന്നു. അങ്ങനെ തന്റെ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കുവാന്‍ 2012-ല്‍ ജാവി ആരംഭിച്ച യാത്ര ഇക്കഴിഞ്ഞ ജൂണ്‍ 8-നാണ് അവസാനിച്ചത്. 7 വര്‍ഷങ്ങളുടെ പഠനത്തിനു ശേഷം ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി ജാവി ഉള്‍പ്പെടെ 6 പേര്‍ സെന്റ്സ് പീറ്റര്‍ ആന്‍ഡ്‌ പോള്‍ കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ചടങ്ങില്‍ വെച്ച് ഡീക്കന്‍ പട്ടം സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനക്കിടെയുള്ള പ്രസംഗങ്ങളും, മാമ്മോദീസ, വിവാഹം, മൃതസംസ്കാരം പോലെയുള്ള ശുശ്രൂഷകള്‍ക്ക് ഇനിമുതല്‍ കളിക്കളത്തിലെ മുന്‍ റഫറി ജാവി കാര്‍മ്മികനാകും.


Related Articles »