News - 2025
ഇന്തോനേഷ്യന്‍ കർദ്ദിനാളിന്റെ നിയമനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഭരണകൂടവും മുസ്ലിം നേതാക്കളും
സ്വന്തം ലേഖകന്‍ 04-09-2019 - Wednesday
ജക്കാര്‍ത്ത: കര്‍ദ്ദിനാളുമാരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്തോനേഷ്യന്‍ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് സുഹാരിയോയുടെ നിയമനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇസ്ളാമിക നേതാക്കളും രാഷ്ട്രീയ നേതൃത്വവും. നിയമനത്തില്‍ ഭരണകൂട നേതൃത്വവും അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. മതകാര്യങ്ങളുടെ ചുമതലയുള്ള ഇന്തോനേഷ്യൻ മന്ത്രിയായ ലുക്മാൻ ഹക്കീം സെയ്ഫുദ്ദീനാണ് ആർച്ച് ബിഷപ്പിന് ആദ്യമായി ആശംസ അറിയിച്ച് രംഗത്തെത്തിയത്. മുഹമ്മദീയ എന്ന മുസ്ലിം മിതവാദി സംഘടനയുടെ മുൻ അമരക്കാരനും, ഇസ്ലാമിക പണ്ഡിതനുമായ അഹമ്മദ് സൈഫി മാരിഫിയും അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പുതിയ ജോലിക്കായി, തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് ഭാവുകങ്ങൾ നേരുന്നവെന്ന് അദ്ദേഹം ആശംസിച്ചു.
1990-കളിൽ യോഗ്യകർത്തയിലെ രണ്ട് വ്യത്യസ്ത സർവ്വകലാശാലകളിൽ പഠിപ്പിക്കുന്ന സമയം മുതൽ ഇരുവരും ദൃഢമായ സൗഹൃദമാണ് വളർത്തിക്കൊണ്ടുവന്നിരിന്നത്. ജക്കാർത്ത ആർച്ച് ബിഷപ്പായിരുന്ന സമയത്തെ അനുഭവപാടവം കൊണ്ട് മികച്ച രീതിയിൽ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ സുഹാരിയോക്ക് സാധിക്കുമെന്ന് അഹമ്മദ് സൈഫി മാരിഫ് പ്രത്യാശ പ്രകടിപ്പിച്ചു. കര്‍ദ്ദിനാള്‍ നിയമനത്തില്‍ രാജ്യത്തെ ക്രൈസ്തവ വിശ്വാസികളും അതീവ സന്തോഷത്തിലാണ്. ആര്‍ച്ച് ബിഷപ്പ് ഇഗ്നേഷ്യസ് സുഹാരിയോ കത്തോലിക്കാ നേതൃത്വത്തിന് ഒരു മികച്ച ഉദാഹരണമാണെന്നും, അദ്ദേഹത്തിന്റെ നിയമനം രാജ്യം മുഴുവനും അഭിമാനിക്കാൻ വക നൽകുന്നതാണെന്നും ഇന്തോനേഷ്യയിലെ, സഭകളുടെ കൂട്ടായ്മയുടെ (രാജ്യത്തെ ഏറ്റവും വലിയ പ്രൊട്ടസ്റ്റൻറ് സംഘടന) ജനറൽ സെക്രട്ടറി റവ. ഗോമാർ ഗുൾട്ടം പറഞ്ഞു. അറുപത്തിയൊന്‍പതുകാരനായ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ്, ഇന്തോനേഷ്യന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ്.
![](/images/close.png)