News - 2024

സിറിയയില്‍ യുദ്ധത്തില്‍ തകർന്നത് 120 ക്രൈസ്തവ ദേവാലയങ്ങള്‍

സ്വന്തം ലേഖകന്‍ 11-09-2019 - Wednesday

ഡമാസ്ക്കസ്: എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഭ്യന്തരയുദ്ധം ആരംഭിച്ചതിനുശേഷം സിറിയയിൽ തകര്‍ക്കപ്പെട്ടത് 120 ക്രൈസ്തവ ദേവാലയങ്ങളെന്ന് സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സിന്‍റെ റിപ്പോർട്ട്. ക്രൈസ്തവരെ ഭീഷണിയിലാഴ്ത്തുവാനും അവിടെ നിന്നും തുരത്താനുമാണ് സിറിയൻ സർക്കാരും, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദി സംഘടനകളും ക്രൈസ്തവ ആരാധനാലയങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുദ്ധ നിരീക്ഷണ സംഘടനയായ സിറിയൻ നെറ്റ്‌വർക്ക് ഫോർ ഹ്യൂമൻ റൈറ്റ്സ് വെളിപ്പെടുത്തി.

ഹോമ്സ് പ്രവിശ്യയിലെ സെന്റ് ഏലിയൻ സന്യാസ ആശ്രമം ബുൾഡോസർ വെച്ച് 2015ൽ ഇസ്ലാമിക് സ്റ്റേറ്റ് തകർത്തതിന് സമാനമായ ചില സംഭവങ്ങൾ ഒഴിച്ചുനിർത്തിയാൽ പല ദേവാലയങ്ങളും തകർന്നത് ഷെൽ/ റോക്കറ്റ് ആക്രമണങ്ങളിൽ നിന്നുമാണെന്നും സിറിയയിലെ പ്രതിപക്ഷവുമായി ബന്ധമുള്ള ഈ സംഘടന വ്യക്തമാക്കി. യുദ്ധത്തിനു മുമ്പ് സിറിയയിലെ രണ്ടു കോടി 30 ലക്ഷം ജനസംഖ്യയുടെ പത്തു ശതമാനം ക്രൈസ്തവ വിശ്വാസികളായിരുന്നു.

മുന്‍പ് ഇസ്ലാം മതസ്ഥരുമായി സൗഹൃദത്തിലായിരുന്നു ക്രൈസ്തവർ കഴിഞ്ഞിരുന്നത്. ബാഷർ അൽ ആസാദിന്റെ ഭരണകാലയളവിൽ ക്രൈസ്തവ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യവും ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്നു നൂറുകണക്കിന് വിശ്വാസികള്‍ രാജ്യത്തു നിന്നും പലായനം ചെയ്യുകയായിരിന്നു.


Related Articles »