Arts - 2024
ഫ്രാന്‍സിസ് അസീസ്സിയും ഈജിപ്ഷ്യൻ സുൽത്താനുമായുളള കൂടിക്കാഴ്ച പുനഃസൃഷ്ടിക്കുന്നു
സ്വന്തം ലേഖകന്‍ 25-09-2019 - Wednesday
ലണ്ടന്‍: പതിമൂന്നാം നൂറ്റാണ്ടിൽ അഞ്ചാം കുരിശു യുദ്ധകാലത്ത് സമാധാന സന്ദേശവുമായി അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസ്, ഈജിപ്ഷ്യൻ സുൽത്താനായിരുന്ന മാലിക്ക് അൽ കമാലിനെ സന്ദർശിച്ച സംഭവം പുനഃസൃഷ്ടിക്കും. താൻ കൊല ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചാണ് വിശുദ്ധ ഫ്രാൻസിസ് സുൽത്താനെ സന്ദർശിച്ചതെങ്കിലും, ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്. തിരികെ പോകുന്നതിനു മുമ്പ് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനു വേണ്ടി വിശുദ്ധ ഫ്രാൻസിസ് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്ന് സുൽത്താനോട് പറഞ്ഞു. സുൽത്താനും അതിനോട് പൂർണ്ണ യോജിപ്പായിരുന്നു.
പ്രസ്തുത ചരിത്ര സംഭവത്തിന്റെ ഓർമ്മ പുതുക്കുന്നതിനായി ഫ്രാൻസിസ്കൻ മൂന്നാം സഭയിലെ അംഗങ്ങള്‍ ബ്രിട്ടണിലെ കാർഡിഫിലുളള ദാറുൽ ഇസ്രാ മുസ്ലിം പള്ളിയിലേക്ക് ഭക്ഷണവുമായി പോകും. അവിടെ വച്ച് ക്രൈസ്തവരും, ഇസ്ലാം മതവിശ്വാസികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. ലണ്ടാഫ് മെത്രാനായ ജൂൺ ഓസ്ബോണും ചടങ്ങിൽ പങ്കെടുക്കും. പതിമൂന്നാം നൂറ്റാണ്ടിൽ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യാവിഷ്കാരവും സംഘടിപ്പിച്ചിട്ടുണ്ട്. വേയിൽസിലെ ക്രൈസ്തവ- മുസ്ലിം ഐക്യം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പരിപാടി സഹായിക്കുമെന്നാണ് വെയില്‍സിലെ സഭയുടെ പ്രതീക്ഷ.