News - 2024

'പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ ഭാവി': അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർപാപ്പയെ സന്ദർശിച്ചു

സ്വന്തം ലേഖകന്‍ 04-10-2019 - Friday

വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ ഭാവി, ലോകമെങ്ങും മതസ്വാതന്ത്ര്യത്തിനു നേരെ ഉയരുന്ന ഭീഷണി തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുവാനായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വത്തിക്കാനിലെത്തി ഫ്രന്‍സിസ് പാപ്പയെ സന്ദർശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതസ്വാതന്ത്ര്യം വളർത്താനും, പശ്ചിമേഷ്യയിലെ ക്രൈസ്തവരെ സംരക്ഷിക്കാനും, അമേരിക്കയ്ക്കും വത്തിക്കാനുമുളള പ്രതിബദ്ധതയും ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മോർഗൻ ഒർട്ടഗസ് പറഞ്ഞു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനുമായും മൈക്ക് പോംപിയോ കൂടിക്കാഴ്ച നടത്തി.

അമേരിക്കയും വത്തിക്കാനും തമ്മിൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിച്ചിട്ട് 35 വർഷം പൂർത്തിയാകുന്ന വേളയുടെ ഓര്‍മ്മ പുതുക്കലായി പരോളിൻ-പോംപിയോ കൂടിക്കാഴ്ച മാറി. അന്താരാഷ്ട്ര തലത്തിലെ ഇസ്ളാമിക തീവ്രവാദത്തെ പറ്റിയും മതസ്വാതന്ത്ര്യത്തെ പറ്റിയും ഇരുവരും വിശദമായി ചർച്ച നടത്തിയെന്ന്‍ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വത്തിക്കാനിലെ അമേരിക്കൻ എംബസിയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റും സംയുക്തമായി സംഘടിപ്പിച്ച ഒരു സിംബോസിയത്തിലും മൈക്ക് പോംപിയോ പങ്കെടുത്തു.

ചൈനയിലും, സിറിയയിലും, ഇറാനിലുമടക്കം നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച അദ്ദേഹം സ്വേച്ഛാധിപത്യ ഭരണം മതപീഡനങ്ങൾക്ക് കാരണമെന്നും കൂട്ടിച്ചേർത്തു. മത സ്വാതന്ത്ര്യം സംരക്ഷിക്കാനും, പാവങ്ങളെയും, അടിച്ചമർത്തപ്പെട്ടവരെയും സംരക്ഷിക്കുന്ന മതസംഘടനകൾക്ക് പിന്തുണ നൽകാനും അമേരിക്കയും, വത്തിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് വത്തിക്കാനിലെ അമേരിക്കൻ അംബാസഡർ കലിസ്റ്റ ജിന്‍ഗ്രിച്ച് സിംപോസിയത്തിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ പരസ്പര ധാരണ വളർത്താൻ മതസംഘടനകൾക്ക് കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.


Related Articles »