Life In Christ - 2024

പോളിഷ് സഭയുടെ ചെറുത്തുനില്പിന്റെ പ്രതീകം കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കി വാഴ്ത്തപ്പെട്ട പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 05-10-2019 - Saturday

വത്തിക്കാന്‍ സിറ്റി: കമ്മ്യൂണിസത്തിനെതിരായ പോളിഷ് സഭയുടെ ചെറുത്തുനില്പിന്റെ പ്രതീകം കര്‍ദ്ദിനാള്‍ സ്‌റ്റെഫാന്‍ വിഷിന്‍സ്‌കി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇതുസംബന്ധിച്ചു വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്റെ ശുപാര്‍ശ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കിയുടെ മധ്യസ്ഥതയില്‍ 19 വയസുകാരിക്ക് തൈറോയിഡ് കാന്‍സറില്‍നിന്നു ലഭിച്ച അത്ഭുത സൌഖ്യം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാമകരണം പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഫാ. കരോള്‍ വൊയ്റ്റീവയെ (പില്‍ക്കാലത്ത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ) ക്രാക്കോയിലെ ആര്‍ച്ച്ബിഷപ്പായി നിയമിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിത്വം കൂടിയാണ് കര്‍ദ്ദിനാള്‍ വിഷിന്‍സ്‌കി.

1901ല്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന മസോവിയയില്‍ ജനിച്ച ഇദ്ദേഹം 1925ല്‍ തിരുപ്പട്ടം സ്വീകരിച്ചു. 1946ല്‍ ലുബ്ലിന്‍ രൂപതയുടെ മെത്രാനായി. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 1948ല്‍ വാഴ്‌സോ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ക്കെതിരായി പ്രവര്‍ത്തിച്ച വൈദികരെ ശിക്ഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു അദ്ദേഹം നിരവധി സഹനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. 1953ല്‍ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. കര്‍ദിനാള്‍ സ്ഥാനമേല്‍ക്കുന്നതിന് വത്തിക്കാനിലേക്കു യാത്രചെയ്യാന്‍ ഭരണകൂടം അദ്ദേഹത്തിന് അനുമതി നിഷേധിച്ചിരിന്നു. 1981ല്‍ അദ്ദേഹം ദിവംഗതനായി.


Related Articles »