Life In Christ - 2024

ക്രൈസ്തവ സന്നദ്ധ സംഘടനയെ പ്രകീർത്തിച്ച് ഹാരി രാജകുമാരൻ

സ്വന്തം ലേഖകന്‍ 07-10-2019 - Monday

അംഗോള: യുദ്ധകാലത്ത് സ്ഥാപിച്ചിരുന്ന കുഴിബോംബുകൾ നീക്കം ചെയ്യുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ ഹാലോയെ അഭിനന്ദിച്ച് ഹാരി രാജകുമാരൻ. സംഘടനയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി അഭിനന്ദനങ്ങളറിയിക്കാൻ രാജകുമാരൻ ആഫ്രിക്കൻ രാജ്യമായ അംഗോളയിലെത്തിയെന്നത് ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ ഒരു ലക്ഷം കുഴിബോംബുകൾ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നയാളുകൾക്ക്, മെഡിക്കൽ സഹായങ്ങളും, യാത്രാ സൗകര്യങ്ങളും നൽകുന്ന ദി മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് എന്ന സംഘടനയാണ് ഹാലോ അംഗങ്ങളെയും സഹായിക്കുന്നത്. ദി മിഷൻ ഏവിയേഷൻ ഫെലോഷിപ്പ് അംഗങ്ങളെയും ഹാരി രാജകുമാരൻ അഭിനന്ദിച്ചു.

ഇതിനിടയിൽ രക്ഷാകവചം ധരിച്ച് ഒരു കുഴിബോംബ് നിർവീര്യമാക്കുവാന്‍ അദ്ദേഹം മുന്‍കൈ എടുത്തുയെന്നത് ശ്രദ്ധേയമാണ്. 1997-ൽ രക്ഷാകവചം ധരിച്ച് ഹാരി രാജകുമാരന്റെ മാതാവ് ഡയാന രാജകുമാരി നിൽക്കുന്ന ചിത്രം പ്രസിദ്ധമായിരുന്നു. കുഴിബോംബുകൾ വ്യാപകമായ ഈ പ്രദേശത്തെക്കുറിച്ച് ലോക ശ്രദ്ധ കൂടുതൽ കിട്ടാൻ ആ ചിത്രം തന്നെ കാരണമായി. 1975 മുതൽ 2002 വരെയാണ് രാജ്യത്ത് മുഴുവൻ ഏകദേശം ഒരുകോടിയോളം കുഴിബോംബുകൾ സ്ഥാപിക്കപ്പെട്ടത്. യാത്ര ചെയ്യുമ്പോഴും, കൃഷിയിറക്കുമ്പോഴും ഈ കുഴിബോംബുകൾ അംഗോളക്കാരുടെ ജീവന് വൻ ഭീഷണിയാണ്.


Related Articles »