Life In Christ - 2025

പതിവ് തെറ്റിയില്ല: റെഡ് മാസ് ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു അമേരിക്കന്‍ നിയമപാലകര്‍

സ്വന്തം ലേഖകന്‍ 09-10-2019 - Wednesday

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കയില്‍ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ചെയ്യുന്ന സുപ്രീംകോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കായി വാഷിംഗ്‌ടണ്‍ ഡി.സിയിലെ സെന്റ്‌ മാത്യു കത്തീഡ്രലില്‍വെച്ച് അര്‍പ്പിച്ച വാര്‍ഷിക ‘ചുവപ്പു കുര്‍ബാന’യില്‍ (റെഡ് മാസ്) വന്‍ പങ്കാളിത്തം. നിയമരംഗത്ത് ജോലി ചെയ്യുന്നവരില്‍ എത്രപേര്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പുറത്തേക്കൊഴുക്കുന്നുണ്ടെന്ന് വാഷിംഗ്‌ടണ്‍ ഡി.സി. മെത്രാപ്പോലീത്ത വില്‍ട്ടണ്‍ ഗ്രിഗറി നിയമപാലകരോട് ചോദിച്ചു. നീതിന്യായത്തിന്റേയും, മാനുഷിക പരിഗണനയുടേതുമായ ഈ പുതുവര്‍ഷത്തിലെ ഓരോ ദിവസവും ആത്മാര്‍ത്ഥതയുടേയും, ധൈര്യത്തിന്റേയും, വിവേകത്തിന്റെയും ആത്മാവില്‍ ആനന്ദിക്കട്ടേയെന്ന്‍ മെത്രാപ്പോലീത്ത പറഞ്ഞു.

പരിശുദ്ധാത്മാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ തങ്ങളുടെ ദൗത്യങ്ങളെ മുഴുവന്‍ ഹൃദയത്തോടും, ആശ്വാസത്തോടേയും സ്വീകരിക്കുമെന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് റോബര്‍ട്ട്സ് ജോണ്‍സണ്‍, അസോസിയേറ്റ് ജഡ്ജിമാരായ സ്റ്റീഫന്‍ ബ്രെയര്‍, ക്ലാരെന്‍സ് തോമസ്‌, മുന്‍ ജഡ്ജി അന്തോണി കെന്നഡി, അറ്റോര്‍ണി ജെനറല്‍ വില്ല്യം ബാര്‍, സോളിസിറ്റര്‍ ജെനറല്‍ നോയല്‍ ഫ്രാന്‍സിസ്കോ എന്നീ പ്രമുഖര്‍ ഉള്‍പ്പെടെ ജഡ്ജിമാര്‍, അഭിഭാഷകര്‍, നിയമ വിദ്യാലയങ്ങളിലെ പ്രൊഫസര്‍മാര്‍, നിയമ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട ഭൂരിഭാഗം പേരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.

ജുഡീഷ്യല്‍ വര്‍ഷാരംഭത്തെ സൂചിപ്പിച്ചുകൊണ്ട് വര്‍ഷം തോറും ‘ചുവപ്പു കുര്‍ബാന’ എന്ന പേരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് അമേരിക്കയില്‍ പതിവാണ്. പരിശുദ്ധാത്മാവിന്റെ പ്രതീകമായ അഗ്നി നാളങ്ങളെ സൂചിപ്പിക്കുന്ന ചുവന്ന നിറത്തിലുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ചു കാര്‍മ്മികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതു കൊണ്ടാണ് ഇതിനെ 'ചുവപ്പ് കുര്‍ബാന' എന്ന് വിശേഷിപ്പിക്കുന്നത്. മതസ്വാതന്ത്ര്യത്തിലും, ഭ്രൂണഹത്യാ നിയമങ്ങളിലും കാര്യമായ അലയൊലികള്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു സുപ്രീംകോടതി കാലാവധിക്കാണ് ഇക്കൊല്ലത്തെ ചുവപ്പു കുര്‍ബാനയോടെ ആരംഭമായത്.


Related Articles »