Arts - 2025
നാമകരണത്തിനു മൂന്നു ദിവസം ബാക്കി: മറിയം ത്രേസ്യയുടെ ഛായാചിത്രം വത്തിക്കാനില്‍ സ്ഥാപിച്ചു
സ്വന്തം ലേഖകന്‍ 10-10-2019 - Thursday
വത്തിക്കാന്‍ സിറ്റി: തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്കു ഇനി മൂന്നു ദിവസം മാത്രം ബാക്കി. നാമകരണത്തിന് മുന്നോടിയായി വിശുദ്ധയുടെ ഛായാചിത്രം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്കു മുന്നോടിയായി ശനിയാഴ്ച റോമിലെ മരിയ മജോരേ മേജര്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞ് 3.30നു നടക്കുന്ന പ്രത്യേക ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജൊവാനി ആഞ്ചലോ ബേച്ചു മുഖ്യകാര്‍മ്മികത്വം വഹിക്കും. തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മ്മികരാകും.
13നു രാവിലെ 10നാണു (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30) വിശുദ്ധപദവി പ്രഖ്യാപനം നടക്കുക. മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ പോസ്റ്റുലേറ്റര്‍ ഫാ. ബെനഡിക്ട് വടക്കേക്കര സെന്റ് പീറ്റേഴ്‌സിലെ ലിറ്റര്‍ജിക്കല്‍ ഓഫീസില്‍ ഏല്പിച്ചു. അസ്ഥിയാണു പ്രത്യേകം തയാറാക്കിയ അരുളിക്കയിലാക്കി തിരുശേഷിപ്പായി സമര്‍പ്പിച്ചിട്ടുള്ളത്. ഇത് അന്ന് അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. 14നു റോമിലെ സെന്റ് അനസ്താസ്യ ബസിലിക്കയില്‍ രാവിലെ 10.30ന് നടക്കുന്ന കൃതജ്ഞതാ ബലിക്കു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭയിലെ 51 ബിഷപ്പുമാരും സഹകാര്‍മ്മികരാകും. മറിയം ത്രേസ്യയും കര്‍ദ്ദിനാള്‍ ന്യൂമാനുമുള്‍പ്പെടെ ആറു പേരെയാണ് ഞായറാഴ്ച വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.
![](/images/close.png)