News - 2024

തിരുക്കല്ലറ ദേവാലയത്തിന്റെ രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനം: കരാറില്‍ ഒപ്പുവെച്ചു

സ്വന്തം ലേഖകന്‍ 10-10-2019 - Thursday

ജെറുസലേം: യേശുവിന്റെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിന്റെ (തിരുക്കല്ലറ പള്ളി) രണ്ടാം ഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉടമ്പടിയില്‍ ക്രൈസ്തവ സഭാപ്രതിനിധികളും ടൂറിനിലെ ‘ലാ വെനാരിയറിയലെ ഫൌണ്ടേഷന്‍’ പ്രതിനിധികളും ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒപ്പുവെച്ചു. സാംസ്കാരിക-പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിലും, പുനരുദ്ധാരണത്തിലും വിദഗ്ദരായ ലാ വെനാരിയറിയലെ ഫൌണ്ടേഷനും റോമിലെ ‘ലാ സാപിയന്‍സാ’ സര്‍വ്വകലാശാലയിലെ ക്ലാസ്സിക്കല്‍ സ്റ്റഡീസ് വിഭാഗവുമായി സഹകരിച്ചാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതോടെ ചരിത്രമുറങ്ങുന്ന ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാമത്തെ ഭാഗത്തിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ദേവാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുക എന്നതാണ് ഇറ്റാലിയന്‍ സ്ഥാപനങ്ങളുടെ പ്രാഥമിക ദൗത്യം. ജെറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ്, അര്‍മേനിയന്‍ അപ്പസ്തോലിക പാത്രിയാര്‍ക്കേറ്റ്, ഫ്രാന്‍സിസ്കന്‍ സഭാ പ്രതിനിധികളുമാണ് ദേവാലയത്തിന്റെ ഭാഗത്ത്‌ നിന്നും ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക കണ്ടത്തേണ്ടതും ഇവരുടെ ചുമതലയാണ്. നേരത്തെ ദേവാലയത്തില്‍ കല്ലറ സ്ഥിതി ചെയ്യുന്ന എഡിക്യൂളിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ പുരാവസ്തു ഗവേഷകര്‍ തന്നെയാണ് ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം ഇടിഞ്ഞു വീഴാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചത്.

തുടര്‍ന്ന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ശക്തമല്ലാത്ത അടിത്തറയിലാണ് ദേവാലയം പണിതിരിക്കുന്നതെന്ന്‍ വ്യക്തമായി. ഇക്കാര്യം നാഷ്ണല്‍ ജിയോഗ്രാഫിയും റിപ്പോര്‍ട്ട് ചെയ്തിരിന്നു. തുടര്‍ന്നാണ്‌ പുനരുദ്ധാരണം നടത്തുവാന്‍ വീണ്ടും തീരുമാനമായത്. പുരാതന റോമന്‍ നിര്‍മ്മിതിയുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഹോളി സെപ്പള്‍ ദേവാലയം പണികഴിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തിലും, 1003-ലെ ഫാറ്റിമിഡ്സ് ആക്രമണത്തിലും ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് പുനര്‍നിര്‍മ്മിച്ചത്. കോടികണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ഈ പുണ്യ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്തുന്നത്.


Related Articles »