News - 2024

ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ സേറഫിം അന്തരിച്ചു

സ്വന്തം ലേഖകന്‍ 11-10-2019 - Friday

സാവോ പോളോ: തെക്കു-കിഴക്കന്‍ ബ്രസീലിലെ ബേലോ ഹൊറിസോന്തെ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ സേറഫിം അന്തരിച്ചു. ഒക്ടോബര്‍ 8നു വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് തൊണ്ണൂറ്റിയഞ്ചാമത്തെ വയസ്സില്‍ ദിവംഗതനായത്. 1924-ല്‍ മീനാസ് നോവാസില്‍ ജനിച്ച അദ്ദേഹം 1949-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രീഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും സഭാനിയമത്തില്‍ ഉന്നതപഠനം നടത്തിയിട്ടുണ്ട്. 1958 മുതല്‍ ഡയമന്തീന അതിരൂപതയുടെ മതബോധന കേന്ദ്രത്തിന്‍റെ ഡയറക്ടറും, സെമിനാരിയിലെ അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ചു.

1983-ല്‍ ബേലോ ഹൊറിസോന്തെയുടെ പിന്‍തുടര്‍ച്ച അവകാശമുള്ള മെത്രാനായി (co-coadjutor bishop) ഉയര്‍ത്തപ്പെട്ടു. 1986-ബേലോ ഹൊറിസോന്തെ അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു.1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. 1999-ല്‍ സഭാഭരണത്തില്‍നിന്നും വിരമിച്ച് വിശ്രമജീവിതം ആരംഭിച്ചു. കര്‍ദ്ദിനാള്‍ സേറഫിമിന്‍റെ ദേഹവിയോഗത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 224 ആയി കുറഞ്ഞു. അതില്‍ 128 പേര്‍ 80 വയസ്സിനു താഴെ ആഗോള സഭാദ്ധ്യക്ഷനായ പാപ്പയുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളവരും, ബാക്കി 96 പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.


Related Articles »