Arts - 2024

ലോകത്തിലെ ഏറ്റവും ഉയരമുള്ള മരിയൻ ശില്പത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

സ്വന്തം ലേഖകന്‍ 14-10-2019 - Monday

ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ അമ്മയാകുവാൻ ദൈവം തിരഞ്ഞെടുത്ത പരിശുദ്ധ കന്യകാമറിയത്തിന്റെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ശില്പത്തിന്റെ നിർമ്മാണം ഫിലിപ്പൈൻസിൽ പുരോഗമിക്കുന്നു. അടുത്തിടെ മരണമടഞ്ഞ, പ്രശസ്ത ശില്പിയായിരുന്ന എഡ്വാർഡോ ഡി ലോസ് സാൻഡോസ് കാസ്റ്റിട്രിലോയാണ് ഈ ശില്പം രൂപകൽപ്പന ചെയ്തത്. 1983ൽ പണികഴിപ്പിച്ച 'ഔവർ ലേഡി ഓഫ് പീസ്' എന്ന വെനസ്വേലൻ പ്രതിമയാണ് ഇപ്പോൾ നിലവിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരിയൻ ശില്പം.

ഫിലിപ്പൈൻസിലെ ബട്ടങാസ് നഗരത്തിലെ മോണ്ടിമരിയ കുന്നിലാണ് 'മദർ ഓഫ് ഓൾ ഏഷ്യ', 'ടവർ ഓഫ് പീസ്' എന്നീ പേരുകളിലറിയപ്പെടുന്ന മരിയൻ ശില്പം ലോകത്തിന് ദൃശ്യമാകുന്നത്. 2021ൽ പണി പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മരിയൻ ശിൽപം എന്ന റെക്കോർഡ് നേട്ടം ഈ ശില്പത്തിന്റ പേരിലായിരിക്കും.

ക്രൈസ്തവ വിശ്വാസം രാജ്യത്ത് എത്തിയതിന്റെ അഞ്ഞൂറാം വർഷമാണ് 2021. അതിനാൽ തന്നെ പ്രസ്തുത സംഭവത്തിന്റെ ഓർമ്മയ്ക്കായാണ് മരിയൻ ശില്പം അനാച്ഛാദനം ചെയ്യാൻ അവർ തീരുമാനിക്കുന്നത്. ദക്ഷിണേഷ്യയിലെ ആളുകളുടെ ഐക്യത്തിനും, സമാധാനത്തിനുമായാണ് ഈ ശില്പം സമർപിക്കപ്പെട്ടിരിക്കുന്നത്. ഈ ശിൽപ്പത്തിന്റെ ഉള്ളിൽ തന്നെ 12 മരിയൻ ചാപ്പലുകളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.


Related Articles »