Arts - 2025
പുതു ഭംഗിയില്‍ പാപ്പയുടെ ഭദ്രാസന ദേവാലയം ലാറ്ററന്‍ ബസിലിക്ക
സ്വന്തം ലേഖകന്‍ 18-10-2019 - Friday
റോം: ലോകത്തെ ഏറ്റവും പുരാതന കത്തോലിക്ക ദേവാലയങ്ങളിലൊന്നായ മൂന്നാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത റോമാ നഗരത്തിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നവീകരണം. റോമാ നഗരത്തിന്‍റെ വൈദ്യുതി, ജലം, ഗ്യാസ് എന്നിങ്ങനെ നിത്യോപയോഗ വസ്തുക്കളുടെ വകുപ്പും സിറ്റി ഭരണകൂടവും കൈകോര്‍ത്താണ് ഫ്രാന്‍സിസ് പാപ്പ അദ്ധ്യക്ഷനായ റോമാ രൂപതയുടെ ഭദ്രാസന ദേവാലയം പുതിയ പ്രകാശസംവിധാനങ്ങള്‍ ക്രമപ്പെടുത്തി നവീകരിച്ചത്. ഒക്ടോബര്‍ 14 തിങ്കളാഴ്ച വൈകുന്നേരം റോമാനഗരത്തിന്‍റെ മേയര്‍ വെര്‍ജീനിയ രാജി ലാറ്ററന്‍ ബസിലിക്കയുടെ പുതിയ പ്രകാശസംവിധാനം ഉദ്ഘാടനം ചെയ്തു.
നവീകരണത്തിന്റെ ഭാഗമായി ചെറുതും വലുതുമായ 106 നവമായ പ്രകാശ സംവിധാനങ്ങളുടെ സഹായത്തോടെ വിസൃതമായ ബസിലിക്കയുടെ കാഴ്ചയ്ക്ക് കൂടുതല്‍ തെളിമയും, മനോഹാരിതയും ആകര്‍ഷകത്വവും നല്കുകയും, അതിന്‍റെ പുരാതനമായ വാസ്തുഭംഗി കൂടുതല്‍ മികവുറ്റതാക്കിമാറ്റുകയും ചെയ്തിട്ടുണ്ട് വത്തിക്കാനില്‍നിന്നും നാലു കി. മീ. അകലെയാണ് പാപ്പായുടെ ഭദ്രാസനദേവാലയമായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക സ്ഥിതിചെയ്യുന്നത്. ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമാരൂപതയുടെ മെത്രാന്‍ കൂടിയായ മാര്‍പാപ്പയാണ്. റോം രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ ദി ഡോണാത്തിസാണ് ദേവാലയത്തിന്റെ നേതൃസ്ഥാനം ഇപ്പോള്‍ വഹിക്കുന്നത്.
![](/images/close.png)