Life In Christ - 2025

കിം കര്‍ദാഷിയാന്‍ ആത്മീയ പാതയില്‍? അര്‍മേനിയന്‍ കത്തീഡ്രലിലെ ചിത്രങ്ങള്‍ വൈറല്‍

സ്വന്തം ലേഖകന്‍ 18-10-2019 - Friday

അര്‍മേനിയ: പ്രമുഖ അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ താരവും, മോഡലും നടിയുമായ കിം കര്‍ദാഷിയാന്‍ തന്റെ കുട്ടികള്‍ക്കൊപ്പം അര്‍മേനിയയിലെ മദര്‍ സീ ഓഫ് ഹോളി എച്ച്മിയാഡ്സിന്‍ കത്തീഡ്രലില്‍വെച്ചു ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് സമൂഹമാധ്യമങ്ങളിലൂടെ കര്‍ദാഷിയാന്‍ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. അന്തരിച്ച കര്‍ദാഷിയാന്‍റെ പിതാവ് റോബര്‍ട്ട് അര്‍മേനിയന്‍ വംശജനായിരിന്നു.

"ഇത്തരമൊരു അവിസ്മരണീയ യാത്രക്ക് നന്ദി അര്‍മേനിയ. അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ വത്തിക്കാന്‍ എന്നും അറിയപ്പെടുന്ന അര്‍മേനിയയിലെ ഏറ്റവും പ്രധാന കത്തീഡ്രലായ മദര്‍ സീ ഓഫ് ഹോളി എച്ച്മിയാഡ്സിനില്‍വെച്ച് എന്റെ കുട്ടികള്‍ക്കൊപ്പം മാമ്മോദീസ മുങ്ങുവാന്‍ തക്കവിധം അനുഗ്രഹീതയായി" എന്നാണ് മാമ്മോദീസയുടെ ഫോട്ടോകള്‍ക്കൊപ്പം കര്‍ദാഷിയാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എ.ഡി. 303ലാണ് ഈ കത്തീഡ്രല്‍ പണികഴിപ്പിച്ചിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

തന്റെ അഞ്ചു മാസം പ്രായമുള്ള മകന്‍ സാം, ഒരു വയസ്സുകാരിയായ മകള്‍ ഷിക്കാഗോ, മൂന്നു വയസ്സുകാരനായ സെയിന്റ് എന്നിവരുടെ മാമ്മോദീസ ഫോട്ടോകളും കര്‍ദാഷിയാന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. 2015-ല്‍ ജെറുസലേമില്‍ വെച്ച് മാമോദീസ സ്വീകരിച്ച തന്റെ മൂത്ത മകളായ നോര്‍ത്തിനൊപ്പം മെഴുകുതിരി കത്തിക്കുന്ന ഫോട്ടോയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.


Related Articles »