News - 2024

വിവാഹിതരായ പുരോഹിതര്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നത് മിഥ്യാധാരണ: ആമസോണ്‍ മേഖലയുടെ ഉത്തരവാദിത്വമുള്ള സലേഷ്യന്‍ വൈദികന്‍

സ്വന്തം ലേഖകന്‍ 21-10-2019 - Monday

വത്തിക്കാന്‍ സിറ്റി: ആമസോണ്‍ മേഖലയില്‍ വിവാഹിതരായ പുരുഷന്‍മാരെ പൗരോഹിത്യത്തിനായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നത് മിഥ്യാധാരണയെന്ന്‍ മിഷ്ണറി വൈദികന്റെ തുറന്നുപറച്ചില്‍. ഫ്രാന്‍സിസ് പാപ്പയുടെ ക്ഷണപ്രകാരം ആമസോണ്‍ സിനഡില്‍ പങ്കെടുത്തുവരുന്ന ഫാ. മാര്‍ട്ടിന്‍ ലസാര്‍ട്ടേയാണ് ആമസോണ്‍ സിനഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നിനെക്കുറിച്ച് പ്രതികരണം നടത്തിയിരിക്കുന്നത്.

ആഫ്രിക്കയിലും, ലാറ്റിന്‍ അമേരിക്കയിലും സലേഷ്യന്‍ സഭയുടെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഫാ. മാര്‍ട്ടിന്‍, ഉറുഗ്വേ സ്വദേശിയാണ്. ഇറ്റാലിയന്‍ ആഴ്ചപതിപ്പായ ‘എല്‍ എസ്പ്രസ്സോ’യുടെ ഓഗസ്റ്റ് പന്ത്രണ്ടിലെ ‘ആമസോണിയ: വിരി പ്രൊബാറ്റി ഒരു പരിഹാരമാണോ?’എന്ന ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. തന്റെ അഭിപ്രായത്തില്‍ ‘വിരി പ്രൊബാറ്റി’ (വിവാഹിതരായ പുരുഷന്‍മാരെ പൗരോഹിത്യ പട്ടത്തിനു പരിഗണിക്കല്‍) വഴി സുവിശേഷവത്കരണത്തിലെ അപര്യാപ്തതകള്‍ക്ക് പരിഹാരമാവില്ല എന്നു ഫാ. ലസാര്‍ട്ടേ സൂചിപ്പിക്കുന്നു. ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ നമ്മുടെ വിശ്വാസം മാമ്മോദീസയിലാണ് വേരൂന്നിയിരിക്കുന്നതെന്നും തിരുപ്പട്ട സ്വീകരണത്തിലല്ലെന്നും ഉദാഹരണങ്ങള്‍ വഴി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൊറിയയിലെ കത്തോലിക്കാ സഭയുടെ ആരംഭം ചൈനയില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അല്‍മായനായ യി സെയുങ്-ഹുണില്‍ നിന്നായിരുന്നുവെന്നും, 51 വര്‍ഷക്കാലം വൈദികരെ കൂടാതെ അല്‍മായര്‍ നയിച്ച കൊറിയന്‍ സഭ കടുത്ത പീഡനത്തിനിടയില്‍ മുന്നേറിയ കാര്യവും, 1644-ല്‍ അവസാന പുരോഹിതനെ കൊലപ്പെടുത്തിയ ശേഷം ഇരുനൂറ് വര്‍ഷങ്ങളോളം രഹസ്യമായി ക്രിസ്ത്യാനികള്‍ നയിച്ച ജപ്പാന്‍ സഭയുടെ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക ലേഖനമായ ഇവാഞ്ചിലി ഗോഡിയം (സുവിശേഷത്തിന്റെ ആനന്ദം) കേന്ദ്രമാക്കി സഭ നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൈവവിളിയുടെ അഭാവമല്ല, തെറ്റായ നിര്‍ദ്ദേശങ്ങളും, അപ്പസ്തോലിക തീക്ഷ്ണതയുടെയും, പ്രാര്‍ത്ഥനയുടേയും, സാഹോദര്യത്തിന്റേയും അഭാവവും, മതനിരപേക്ഷയും സഭ നേരിടുന്ന പ്രശ്നങ്ങള്‍ക്കും കാരണമാണെന്നു അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പുരോഹിതര്‍ക്കും, സന്യസ്തര്‍ക്കും ജന്മം നല്‍കാത്ത ക്രിസ്ത്യന്‍ സമൂഹം ആത്മീയ രോഗമുള്ള സമൂഹമാണെന്നും, എന്നാല്‍ വിവാഹിതരെ വൈദികരാക്കിയാലും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പറഞ്ഞുകൊണ്ടാണ് ഫാ. ലസാര്‍ട്ടേ തന്റെ പ്രസ്താവന അവസാനിപ്പിച്ചിക്കുന്നത്.


Related Articles »