Faith And Reason - 2024

ആഗോള ക്രൈസ്തവരുടെ എണ്ണം 250 കോടി പിന്നിട്ടു: നിരീശ്വരവാദികളുടെ എണ്ണം താഴേക്ക്

സ്വന്തം ലേഖകന്‍ 24-10-2019 - Thursday

ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ ക്രൈസ്തവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ലോക ജനസംഖ്യയിലുണ്ടായ വർദ്ധനവിന്റെ ശതമാനത്തേക്കാൾ ഉയർന്ന നിരക്കിലാണ് ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നതെന്ന്‍ ഗ്ലോബൽ ക്രിസ്ത്യാനിറ്റി നടത്തിയ ഗവേഷണ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലോക ജനസംഖ്യ 1.20 ശതമാനം എല്ലാവർഷവും വർദ്ധിക്കുമ്പോൾ, ക്രൈസ്തവ ജനസംഖ്യയുടെ വർദ്ധനവ് 1.27 ശതമാനമാണ്.

ആഫ്രിക്കയുടെ മാത്രം കണക്കെടുക്കുമ്പോൾ 2.37 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് പ്രകാരം, 2019 പകുതിയായപ്പോൾ ലോകത്തെ മുഴുവൻ ക്രൈസ്തവ വിശ്വാസികളുടെയെണ്ണം 250 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. 1970-ല്‍ 120 കോടിയായിരിന്നു ക്രൈസ്തവരുടെ ആകെ ജനസംഖ്യ. അതേസമയം നിരീശ്വരവാദികളുടെയെണ്ണം താഴേക്ക് കൂപ്പുകുത്തുകയാണെന്ന ശ്രദ്ധേയമായ വസ്തുതയും ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

1970ൽ 16.5 കോടി നിരീശ്വരവാദികളുണ്ടായിരുന്നവെങ്കിൽ, ഇന്നത് 13.8 കോടി മാത്രമാണ്. 2025 ആകുമ്പോഴേക്കും നിരീശ്വരവാദികളുടെയെണ്ണം 13.2 കോടിയായി ചുരുങ്ങുമെന്ന് കണക്കുകൾ പറയുന്നു. അജ്ഞേയതാവാദികളുടെ എണ്ണവും ആഗോളതലത്തിൽ കുറയുകയാണ്. ഗോർഡൻ- കോണവെൽ ദൈവശാസ്ത്ര സെമിനാരിയാണ് ഗ്ലോബൽ ക്രിസ്ത്യൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രൈസ്തവരുടെ എണ്ണത്തില്‍ അമേരിക്കയില്‍ കുറവുണ്ടെന്ന പ്യൂ റിസേര്‍ച്ച് പഠനഫലം വന്നു ദിവസങ്ങള്‍ക്കുള്ളിലാണ് ആഫ്രിക്ക അടക്കമുള്ള ഭൂഖണ്ഡങ്ങളില്‍ ക്രൈസ്തവ വിശ്വാസം വര്‍ദ്ധിക്കുന്നുവെന്ന പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.


Related Articles »