News
ക്രിസ്തു വിശ്വാസത്തില്‍ പ്രത്യാശയര്‍പ്പിച്ച് കൊറിയന്‍ ജനത: കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
പ്രവാചകശബ്ദം 08-05-2023 - Monday
സിയോള്‍: ദക്ഷിണ കൊറിയന്‍ ജനസംഖ്യയില്‍ വലിയ കുറവുണ്ടാകുമ്പോഴും കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടെന്ന വെളിപ്പെടുത്തലുമായി കൊറിയന്‍ മെത്രാന്‍ സമിതിയുടെ 2022-ലെ വാര്‍ഷിക സ്ഥിതിവിവര കണക്ക് പുറത്ത്. 2021-നെ അപേക്ഷിച്ച് കൊറിയന്‍ ജനസംഖ്യയില്‍ (52,628,623) കുറവാണ് കാണിക്കുന്നതെങ്കിലും കത്തോലിക്കരുടെ എണ്ണത്തില്‍ ഉണ്ടായ വളര്‍ച്ച കത്തോലിക്ക സഭക്ക് വലിയ ആശ്വാസമാണ് പകരുന്നത്. “സ്റ്റാറ്റിസ്റ്റിക്സ് ഓഫ് കൊറിയന്‍ കത്തോലിക്കാ സഭ 2022” എന്ന പേരില്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് കൊറിയ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കനുസരിച്ച് 2022-ല്‍ രാജ്യത്തെ 16 രൂപതകളിലായി 59,49,862 കത്തോലിക്കരാണ് ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.2% (11,817) വളര്‍ച്ചയാണ് കത്തോലിക്കരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 2022 ഡിസംബര്‍ 31 വരെയുള്ള കണക്കാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇടവകകളും, സന്യാസി-സന്യാസിനീ സമൂഹങ്ങളും, മത സംഘടനകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, അജപാലക സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. സ്ഥിതിവിവര കണക്കുകള്‍ക്ക് പുറമേ, കൊറിയന്‍ സമൂഹത്തിലെ കത്തോലിക്ക സഭയുടെയും അതിന്റെ സ്ഥാപനങ്ങളുടെയും സാന്നിധ്യവുമായി ബന്ധപ്പെട്ട പ്രവണതകളെക്കുറിച്ചുള്ള ഒരു വിശകലനവും കൊറിയന്‍ മെത്രാന്‍ സമിതിയുടെ കൊറിയന്‍ കത്തോലിക് പാസ്റ്ററല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊറിയന്‍ കത്തോലിക്കരില്‍ ഞായറാഴ്ച തോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 6,99,681 (11.8%) ആണ്. ഇക്കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2022-ല്‍ പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ എണ്ണം 41,384. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.3% (36,540) വര്‍ദ്ധനവാണ് മാമോദീസയുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.
2021-നെ അപേക്ഷിച്ച് സ്ഥൈര്യലേപനം. രോഗീലേപനം, അന്ത്യ കൂദാശ തുടങ്ങിയ സ്വീകരിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ കത്തോലിക്ക വൈദികരുടെ എണ്ണത്തിലും (5,703) കഴിഞ്ഞ വര്‍ഷം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77 വൈദികരാണ് കൂടുതല്‍. 2 കര്‍ദ്ദിനാളുമാരും 40 മെത്രാന്മാരുമാണ് കൊറിയയിലുള്ളത്. തിരുപ്പട്ടം സ്വീകരിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസികളില്‍ 25,51,589 (42.9%) പുരുഷന്‍മാരും, 33,98,273 (57.1%) സ്ത്രീകളുമാണ്. 1,784 ഇടവകകളാണ് കൊറിയയില്‍ ഉള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 എണ്ണം കൂടുതല്‍. സഭാ സംഘടനകളുടെ എണ്ണം 173 ആയി തുടരുമ്പോള്‍ വിദേശത്തുള്ള കൊറിയന്‍ മിഷ്ണറിമാരുടെ എണ്ണം 1,007 ആണ്. 125 സന്യാസിനി സമൂഹങ്ങളിലായി 9974 കന്യാസ്ത്രീകളാണ് കൊറിയയില്‍ സേവനം ചെയ്യുന്നത്.