News - 2024

വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുതസൗഖ്യങ്ങൾ- യുക്തിയും സത്യവും: പിഒസിയിൽ സിംപോസിയം

സ്വന്തം ലേഖകൻ 24-10-2019 - Thursday

കൊച്ചി: നാമകരണത്തിനായി വിശുദ്ധരുടെ മാധ്യസ്ഥത്തിലൂടെ നടക്കുന്ന അത്ഭുതങ്ങൾ നൂറ്റാണ്ടുകളായി പരിഗണിക്കുമ്പോൾ അവയെ അശാസ്ത്രീയമെന്നും യുക്തിരഹിതമെന്നും അന്ധവിശ്വാസമെന്നും ആരോപിക്കുന്നവർക്ക് മറുപടിയുമായി പാലാരിവട്ടം പിഒസിയിൽ സിംപോസിയം. അതിസ്വഭാവികമായ ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയവും ദാർശനികവും ദൈവശാസ്ത്രപരവുമായ മാനങ്ങളെ വിശകലനം ചെയ്യാനാണ് സിംപോസിയത്തിലൂടെ ഉദ്ദേശിക്കുന്നത്. 'വിശുദ്ധ നാമകരണ നടപടികളിലെ അത്ഭുത സൗഖ്യങ്ങൾ: യുക്തിയും സത്യവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു ഒക്ടോബർ 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് ചർച്ചകൾ ആരംഭിക്കുക.

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വൈസ് പ്രിൻസിപ്പാലും ന്യൂറോളജി വിഭാഗത്തിന്റെ തലവനുമായ ഡോ. ആനന്ദ്കുമാർ, ഡോ. അഗസ്റ്റിൻ പാംപ്ലാനി സിഎസ്ടി(ഇൻസ്റ്റ്യൂട്ട് ഓഫ് ഓഫ് സയൻസ് ആൻഡ് റിലീജിയൻ, ആലുവ), ഡോ. റോയി ജോസഫ് കടുപ്പിൽ (പൗരസ്ത്യ വിദ്യാപീഠം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റൻ കാനൻ ലോ), നിഷാ ജോസ് എം എസ് സി കൗൺസിലിംഗ് സൈക്കോളജി (ഡയറക്ടർ, ഫൗണ്ടേഷൻ ഫോർ മെൻറൽ വെൽനെസ്സ്, മുട്ടുചിറ) എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

കെസിബിസി സെക്രട്ടറിയേറ്റ് കെസിബിസി ഐക്യ ജാഗ്രത കമ്മീഷനും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. സിംപോസിയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, കെസിബിസി ഐക്യജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. സാജു കൂത്താടി പുത്തൻപുരയിൽ സി എസ് ടി എന്നിവർ പറഞ്ഞു.


Related Articles »