News - 2024

ഐ‌എസ് തലവന്റെ മരണ വാര്‍ത്തയ്ക്കിടെ ക്രൈസ്തവ രക്തസാക്ഷികളുടെ സ്മരണയില്‍ ലോകം

സ്വന്തം ലേഖകന്‍ 28-10-2019 - Monday

വാഷിംഗ്ടണ്‍ ഡി‌സി: ഇസ്ലാമിന് വേണ്ടി ജിഹാദ് പ്രഖ്യാപിച്ച് പതിനായിരകണക്കിന് ക്രൈസ്തവര്‍ അടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കിയ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ തലവന്റെ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണ വാര്‍ത്ത മാധ്യമങ്ങളില്‍ ഇടംനേടുമ്പോള്‍ ലിബിയയിലെ കടല്‍ക്കരയില്‍ ദാരുണമായി കൊല ചെയ്യപ്പെട്ടവരുടെ ദൃശ്യങ്ങളും വീണ്ടും ചര്‍ച്ചയാകുന്നു. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവികള്‍ ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്.

ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. കഴുത്തറുത്താണ് എല്ലാ വിശ്വാസികളെയും ഇസ്ളാമിക ഭീകരര്‍ കൊലപ്പെടുത്തിയത്. ഇതടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ദാരുണമായ ക്രൈസ്തവ കൂട്ടക്കൊലകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ തലവന്റെ അബൂബക്കർ അൽ ബഗ്ദാദിയായിരിന്നു. ഇത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തുർക്കി അതിർത്തിയോടു ചേർന്ന് വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ ബഗ്ദാദിയുടെ ഒളിത്താവളം യുഎസ് വളയുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ബഗ്ദാദിയുടെ 3 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. 2014ൽ ഐഎസ് ഭീകരർ പിടിച്ചെടുത്ത ഇറാഖ്–സിറിയ ഭൂപ്രദേശങ്ങളുടെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചതോടെയാണു ബഗ്ദാദി ലോകശ്രദ്ധയിലെത്തുന്നത്. തുടര്‍ന്നു മധ്യപൂര്‍വ്വേഷ്യയില്‍ ഐ‌എസ് നടത്തിയ ആക്രമണങ്ങളില്‍ പതിനായിരകണക്കിന് ക്രൈസ്തവരും യസീദികളും ദാരുണമായി കൊല്ലപ്പെട്ടിരിന്നു.


Related Articles »