Life In Christ - 2025

സമര്‍പ്പിതന്‍ അവാര്‍ഡ് സിസ്റ്റര്‍ റോസിലിന് സമ്മാനിച്ചു

28-10-2019 - Monday

കടുവക്കുളം യുവദീപ്തി എസ്.എം.വൈ.എം ഫാ. റോയി മുളകുപാടം എം‌സി‌ബി‌എസിന്‍റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന എട്ടാമത് സമര്‍പ്പിതന്‍ അവാര്‍ഡ്, കൊല്ലം വിളക്കുടി സ്നേഹതീരം ഡയറക്ടറും സിസ്റ്റേഴ്സ് ഓഫ് മേഴ്സി സമൂഹ സ്ഥാപകയുമായ സി. റോസിലിന് ചങ്ങനാശ്ശേരി അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ സമ്മാനിച്ചു. കോട്ടയം കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ നടന്ന ചടങ്ങില്‍, എം.സി.ബി.എസ്. എമ്മാവൂസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ഡൊമിനിക് മുണ്ടാട്ട് അധ്യക്ഷത വഹിച്ചു. വികാരി ഫാ. വിവേക് കളരിത്തറ, ഫാ. ജോണി മഠത്തിപ്പറമ്പിൽ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

കൊല്ലം ജില്ലയില്‍ വിളക്കുടിയിലും, തിരുവനന്തപുരം ജില്ലയില്‍ മൃതൃമ്മലയിലും മാനസിക-സാമൂഹിക പുനരധിവാസ കേന്ദ്രം സ്ഥാപിച്ച് മൂന്നൂറോളം വരുന്ന, തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന മാനസിക വെല്ലുവിളി നേരിടുന്നവരും സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ രോഗം ഭേദമായിട്ടും ഏറ്റെടുക്കാന്‍ ആളില്ലാതെ ഉപേക്ഷിക്കപ്പെടുന്നവരുമായ സഹോദരിമാരെ ഏറ്റെടുത്ത് സംരക്ഷിച്ച് പുനഃരധിവസിപ്പിക്കുകയും സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനായി നടപ്പിലാക്കി വരുന്ന നിസ്വാര്‍ത്ഥ സേവനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.


Related Articles »