India - 2025

'ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് സ്‌നേഹതീരത്തിന്റെ സിസ്റ്റര്‍ റോസിലിന്

സ്വന്തം ലേഖകന്‍ 05-01-2019 - Saturday

തിരുവനന്തപുരം: കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷ്ണല്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ 'ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന്' സ്‌നേഹതീരം സ്ഥാപകയും ഡയറക്ടറുമായ സിസ്റ്റര്‍ റോസിലിനെ തെരെഞ്ഞെടുത്തു. തിങ്കളാഴ്ച തിരുവനന്തപുരം ലൂര്‍ദ് സെന്റര്‍ കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ എടക്കര കരിനെച്ചിയില്‍ ചിറായില്‍ സി.ജെ ജോണ്‍ ത്രേസ്യാമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ ആദ്യ മകളായ റോസിലിന്‍ പൊതു പ്രവര്‍ത്തകനായ പിതാവിന്റെ സഹജീവികളോടൊള്ള അളവറ്റസ്‌നേഹം കണ്ടുകൊണ്ടാണ് തന്റെ ജീവിതം ആലംബഹീനര്‍ക്കു സമര്‍പ്പിച്ചത്.

ഡല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റ്യറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ അവര്‍ ഉത്തരേന്ത്യയിലെ പല പിന്നോക്കഗ്രാമങ്ങളിലും ആദിവാസിമേഖലകളിലും സഭയുടെ മുംബൈ, പഞ്ചാബ്, ഛാന്ദാ തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളുടെ കീഴില്‍ കാശ്മീര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ സേവനം ചെയ്തു. മനസ്സിന്റെ താളം തെറ്റി തെരുവില്‍ സ്ത്രീകളാരും അലഞ്ഞു തിരിഞ്ഞു ഒറ്റപ്പെടലുകളും ദുരനുഭവങ്ങളും ഏറ്റുവാങ്ങരുതെന്നും അവരെ സംരക്ഷിക്കണമെന്നും ഉള്ള ആഗ്രഹം സിസ്റ്റര്‍ റോസിലിന്റെ മനസ്സില്‍ ഉടലെടുത്തതോടെയാണ് സ്നേഹതീരം എന്ന പുനരധിവാസ കേന്ദ്രം യാഥാര്‍ത്ഥ്യമായത്.

മനോനിലതെറ്റിയത് മൂലം സമൂഹം ഒറ്റപ്പെടുത്തിയവരെയും, കുടുംബബന്ധങ്ങളില്‍ നിന്ന് തള്ളപ്പെട്ടവരെയും, ശാരീരികമായും മാനസികമായും ആത്മിയമായും പ്രാപ്തരാക്കി സാമൂഹ്യ പുരോഗതിയില്‍ അധിഷ്ടിതമായി സ്വയംതൊഴിലിന് ഉള്‍പ്പെടെ പരിശീലനം നല്‍കി പുനരധിവസിപ്പിക്കുക എന്ന ദൗത്യത്തോടെ ആരംഭിച്ച ഈ കേന്ദ്രത്തിലൂടെ പുതുജീവിതം ലഭിച്ചതു നൂറുകണക്കിന് ആളുകള്‍ക്കാണ്.

2010ല്‍ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ അനുമതിയോടു കൂടി സിസ്റ്റര്‍ റോസിലിന്‍ സ്ഥാപിച്ച സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി (കരുണയുടെ സഹോദരിമാര്‍) സന്യാസിനി സമൂഹത്തില്‍ ഇപ്പോള്‍ ഏഴു സിസ്റ്റര്‍മാരും രണ്ടു നോവിസസുമുണ്ട്.


Related Articles »