News - 2025
സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാള്‍ ദിനങ്ങളില്‍ കുമ്പസാരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം
സ്വന്തം ലേഖകന്‍ 01-11-2019 - Friday
വത്തിക്കാന്‍ സിറ്റി: സകല വിശുദ്ധരുടെയും മരിച്ചവരുടെയും തിരുനാള്‍ ദിനങ്ങളിലൂടെ ആഗോള സഭ കടന്നുപോകുമ്പോള്‍ ഈ ദിവസങ്ങളില്‍ കുമ്പസാരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ വത്തിക്കാന്റെ ആഹ്വാനം. അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി വിഭാഗത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ മൗറി പിയസെന്‍സയാണ് ഒക്ടോബര്‍ 29നു പുറപ്പെടുവിച്ച കത്തിലൂടെ ആഗോള വിശ്വാസികളോട് ഇക്കാര്യം ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധ ദിനങ്ങളില്‍ കുമ്പസാരിക്കേണ്ടത് അനിവാര്യമാണെന്നും മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ കത്തില്‍ കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിക്കുന്നു. എളിമയോടും, ഭക്തിയോടും ആനന്ദത്തോടും കൂടി, പൂർണ്ണ ദണ്ഡവിമോചനമെന്ന സമ്മാനം നമുക്ക് സ്വീകരിക്കാമെന്നും, ഭൂമിയിൽ നൽകപ്പെട്ട സമയം പിന്നിട്ട നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി നമ്മുടെ സ്നേഹത്തിൽ നിന്നും പ്രസ്തുത സമ്മാനം സമർപ്പിക്കാമെന്നും കര്‍ദ്ദിനാള്‍ കത്തില്‍ കുറിച്ചു.
സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തിൽ, ഏതെങ്കിലും ദേവാലയം സന്ദർശിച്ച് സ്വർഗസ്ഥനായ പിതാവേ പ്രാർത്ഥനയും, വിശ്വാസപ്രമാണവും ചൊല്ലുകയും പൂർണ്ണ ദണ്ഡവിമോചനത്തിനു വേണ്ട മറ്റ് നിബന്ധനകൾ പൂർത്തീകരിക്കുകയും ചെയ്താൽ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്ക് മാത്രം ലഭിക്കുന്ന ദണ്ഡവിമോചനമാണ് വിശ്വാസികൾക്ക് നേടാൻ സാധിക്കുന്നത്. ഈ ദണ്ഡവിമോചനം നമ്മൾ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കു സമർപ്പിക്കുമ്പോൾ, അവരുമായുള്ള നമ്മുടെ ബന്ധവും, സ്നേഹവും കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കര്‍ദ്ദിനാള്‍ ഓര്‍മ്മപ്പെടുത്തുന്നു.
Must Read: ദണ്ഡവിമോചനത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
നവംബർ മാസത്തിലെ ആദ്യ എട്ടു ദിവസങ്ങളിൽ സെമിത്തേരി സന്ദർശിച്ച്, ശുദ്ധീകരണാത്മാക്കള്‍ക്കു വേണ്ടി പ്രാർത്ഥിച്ചാൽ, നമ്മൾ ആർക്കു വേണ്ടി പ്രാർത്ഥിച്ചുവോ പ്രസ്തുത വ്യക്തിയുടെ ആത്മാവിന് വിമോചനം ലഭിക്കാൻ സാധ്യത തെളിയും. കുമ്പസാരിച്ച്, വിശുദ്ധ കുർബാന സ്വീകരിക്കുകയും, മാർപാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താൽ മാത്രമേ ദണ്ഡവിമോചനം ലഭിക്കുകയുള്ളൂ. മാത്രമല്ല പ്രാര്‍ത്ഥിക്കുന്ന വ്യക്തി പാപത്തിൽ നിന്നും വിട്ടുനിന്ന്, കൃപാവര അവസ്ഥയിലായിരിക്കുമ്പോഴാണ് ദണ്ഡവിമോചനത്തിനുവേണ്ടി പ്രാർത്ഥിക്കേണ്ടതെന്ന്‍ കർദ്ദിനാൾ മൗരി ഓര്‍മ്മിപ്പിക്കുന്നു. ദണ്ഡവിമോചനം, സഭ ഏർപ്പെടുത്തുന്ന വിലക്ക് തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് കർദ്ദിനാൾ മൗരി അധ്യക്ഷനായ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറിയാണ്.
![](/images/close.png)