News - 2025
ബാഗ്ദാദിലെ പ്രക്ഷോഭം ഇറാഖി ക്രൈസ്തവരുടെ ഭാവി നിർണയിക്കും?
സ്വന്തം ലേഖകന്‍ 02-11-2019 - Saturday
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിൽ സർക്കാരിനെതിരെ വൻ പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോൾ ക്രൈസ്തവ വിശ്വാസികളുടെ പ്രതീക്ഷകളും, ആശങ്കകളും ഒരുപോലെ വർദ്ധിക്കുന്നു. 'വിപ്ലവം' എന്ന് വിളിക്കപ്പെടുന്ന പ്രസ്തുത പ്രക്ഷോഭങ്ങൾ ക്രൈസ്തവ വിശ്വാസികളുടെ ഭാവി നിർണയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാഗ്ദാദ് പ്രക്ഷോഭകാരികൾ ഉയർത്തുന്ന തൊഴിലില്ലായ്മ, അഴിമതി, സർക്കാറിനുമേലുള്ള ഇറാന്റെ സ്വാധീനം തുടങ്ങിയ അതേ പ്രശ്നങ്ങൾ തന്നെയാണ് ക്രൈസ്തവരും നേരിടുന്നത്. ഈ കാരണങ്ങൾ കൊണ്ടുതന്നെ തെരുവിലിറങ്ങിയില്ലെങ്കിലും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുൾപ്പെടെ പ്രക്ഷോഭകാരികൾക്ക് യുവജനങ്ങളായ ക്രൈസ്തവർ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്.
സമരം വിജയം കണ്ടാല്‍ ക്രൈസ്തവ സമൂഹം നേരിടുന്ന കടുത്ത അരക്ഷിതാവസ്ഥക്ക് മാറ്റം കൊണ്ടുവരുമെന്നും പരാജയപ്പെട്ടാല്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകുമെന്നാണ് പൊതുവിലുള്ള നിരീക്ഷണം. ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഉത്തര ഇറാഖ് ബാഗ്ദാദിൽ നിന്നും ഏറെ അകലെയാണ്. വിവിധ മതങ്ങൾ തമ്മിൽ ഐക്യത്തിലായിരിക്കും പ്രക്ഷോഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയെന്ന് നേതൃത്വ നിര പറഞ്ഞിട്ടുണ്ടെങ്കിലും ഷിയാ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ഒന്‍പതു പ്രവിശ്യകളിലായാണ് പ്രക്ഷോഭങ്ങൾ നടക്കുന്നുന്നത്. അതിനാൽ തന്നെ സുന്നി വിശ്വാസികളുടെയും, മറ്റു ന്യൂനപക്ഷങ്ങളുടെയും പങ്കാളിത്തം നന്നേ കുറവാണ്.
ക്രൈസ്തവർ വസിക്കുന്ന മൊസൂളിലെ തെരുവുകൾ നിശബ്ദമാണ്. വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾ മൂലം ആളുകൾ മടുത്തുവെന്നും, ഇനിയാർക്കും യുദ്ധത്തിനു താൽപര്യമില്ലെന്നും മൊസൂൾ നിവാസികൾ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്താൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തങ്ങൾ പിന്തുണക്കുകയാണെന്ന് സർക്കാരും, സൈന്യവും ചിന്തിക്കാൻ സാധ്യതയുണ്ടെന്നും അത് കൂടുതൽ സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു. ഇതിനിടെ ക്രൈസ്തവ ദേവാലയങ്ങൾ സമാധാന ആഹ്വാനവുമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
![](/images/close.png)