News - 2025

എത്യോപ്യയിൽ  പീഡനമേൽക്കുന്ന ക്രൈസ്തവർക്ക് വേണ്ടി  പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകൻ 04-11-2019 - Monday

ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ വംശീയ സംഘടനകളുടെ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഞായറാഴ്ചയിലെ ത്രികാല ജപ മധ്യേ ഫ്രാൻസിസ് മാർപാപ്പ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. എത്യോപ്യയിലെ തവാഹിതോ  ഓർത്തഡോക്സ് സഭയിലെ അംഗങ്ങളായ ക്രൈസ്തവർ ഇരകളാക്കപ്പെടുന്ന അക്രമങ്ങൾ തനിക്ക് ദുഃഖത്തിനു കാരണമാകുന്നതായി പാപ്പ പറഞ്ഞു.  പ്രധാനമന്ത്രി അബി അഹമദിന്റെ  ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഒക്ടോബർ 23നു എത്യോപ്യയിലെ ഓറോമിയ മേഖലയിൽ ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 78 പേർ കൊല്ലപ്പെട്ടു. നാനൂറോളം പേർ ഇപ്പോൾ തടവിൽ തുടരുകയാണ്. ദീർഘനാളായി ക്രൈസ്തവ വിശ്വാസികൾ ഇവിടെ ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഒക്ടോബറിനുശേഷം 52 ഓർത്തഡോക്സ് സഭാംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സഭാനേതൃത്വം വ്യക്തമാക്കി.

ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ ഗ്രനേഡ് ആക്രമണമുണ്ടായെന്നും,  ക്രൈസ്തവരുടെ വീടുകളും, ബിസിനസ് സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയെന്നും  പ്രാദേശിക മാധ്യമമായ എത്യോപ്യൻ  ബുർകിന ന്യൂസ് റിപ്പോർട്ട് ചെയ്തു. ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയാർക്ക് അബുനി മത്തിയാസ്  സാധാരണക്കാരായ വിശ്വാസികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഒക്ടോബർ 28നു നടത്തിയ പ്രസംഗത്തിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് അദേഹം അഭ്യർത്ഥിച്ചു. വിശ്വാസികളുടെ വിഷമം നീക്കാൻ ദൈവതിരുമുമ്പിൽ താൻ കണ്ണീരോടെ പ്രാർത്ഥിക്കുകയാണെന്നും അബുനി മത്തിയാസ് പറഞ്ഞു. അയൽരാജ്യമായ എറിത്രിയയുമായി 20 വർഷം നീണ്ട സംഘർഷമവസാനിപ്പിച്ചതിന് എത്യോപ്യൻ  പ്രധാനമന്ത്രി അബി അഹമദിന് കഴിഞ്ഞ മാസമാണ് നോബൽ സമ്മാനം ലഭിച്ചത്. ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ ഏറ്റവും വലിയ സമൂഹമാണ് എത്യോപ്യൻ ഓർത്തഡോക്സ് സഭ.


Related Articles »