India - 2025

കോഴിക്കോട് ലവ് ജിഹാദ്: അന്വേഷണം മരവിപ്പിക്കാന്‍ സംഘടിത നീക്കം

06-11-2019 - Wednesday

കോഴിക്കോട്: സരോവരം ബയോപാര്‍ക്കില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ജ്യൂസില്‍ മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ലവ് ജിഹാദ് സംഭവത്തില്‍ അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിക്കുന്നതായി വ്യാപക ആരോപണം. കേസ് അന്വേഷണം വഴിതിരിച്ചുവിടാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ അലി അക്ബര്‍ ആരോപിച്ചു.കേസിലെ നിര്‍ണായക തെളിവുകളെല്ലാം അന്വേഷണസംഘം മൂന്നര മാസത്തിനിടെ തേച്ചുമായ്ച്ചുകളഞ്ഞിരിക്കയാണ്. വാളയാര്‍ പീഡനക്കേസ് ഒതുക്കിയതുപോലെ ഈ കേസും ഒതുക്കാനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇക്കാര്യം മജിസ്‌ട്രേട്ടിനു മുമ്പാകെ ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം നല്‍കിയ രഹസ്യമൊഴിയിലും പെണ്‍കുട്ടി ആവര്‍ത്തിച്ചിട്ടുണ്ട്.

എന്നാല്‍, മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താന്‍ പെണ്‍കുട്ടിയുടെ രക്തപരിശോധന നടത്തിയിട്ടില്ല. മെഡിക്കല്‍ ടെസ്റ്റ് നടത്തിയതില്‍ പോലും തിരിമറി നടന്നതായി പെണ്‍കുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സരോവരം പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കാത്തതെന്തുകൊണ്ടെന്നു വ്യക്തമാക്കണം. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനുള്ള മനഃപൂര്‍വമായ ഇടപെടലുകളാണ് ഇതിനു പിന്നില്‍. ചിത്രീകരിച്ച നഗ്‌നചിത്രങ്ങള്‍ പോലീസ് കണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചില്ല. ഇരയില്നിൃന്ന് പ്രതി കവര്‍ന്നെടുത്ത പണവും സ്വര്‍ണവും കണ്ടെടുത്തിട്ടില്ല. അതേസമയം, ഇരയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് പ്രേമമാണെന്നു വരുത്തീത്തീര്‍ക്കാനാണ് പോലീസ് ശ്രമിച്ചത്.

പ്രതി ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കാനോ പരിശോധിക്കാനോ തയാറായിട്ടില്ല. അന്വേഷണത്തിലെ ഈ വീഴ്ചകളും പ്രതിക്ക് സിപിഎം നേതാക്കളുമായുള്ള ബന്ധവും അന്വേഷിക്കണം. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഫാ. ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍, എകെസിസി ട്രഷറര്‍ അനീഷ് ചാക്കോ, ലൂസി അലി അക്ബര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പെണ്‍കുട്ടി പരാതി നല്‍കുകയും മജിസ്ട്രേട്ടിനു മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ രക്ഷിക്കാന്‍ പോലീസ് നടത്തുന്ന ഒത്തുകളിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തതു തന്നെ. കൂടത്തായി, വാളയാര്‍ സംഭവങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ലവ് ജിഹാദ് കേസ് തേച്ചുമായ്ക്കാന്‍ വ്യാപക ശ്രമം നടക്കുന്നതായുള്ള ആരോപണം സോഷ്യല്‍ മീഡിയായില്‍ നേരത്തെ മുതല്‍ ഉയരുന്നുണ്ട്.


Related Articles »