News - 2024

വിവാഹിതരായവർക്ക് പൗരോഹിത്യം: എതിര്‍പ്പുമായി റോമിന്റെ മുന്‍ വികാരി ജനറാള്‍

സ്വന്തം ലേഖകന്‍ 07-11-2019 - Thursday

റോം: ആമസോൺ മേഖലയിൽ വിവാഹിതരായവർക്ക് പൗരോഹിത്യം സ്വീകരിക്കാനുള്ള അനുമതി നൽകിയാൽ അത് തെറ്റായ തീരുമാനമായിരിക്കുമെന്ന് ഇറ്റാലിയൻ കർദ്ദിനാളും റോമിന്റെ മുന്‍ വികാരി ജനറാളുമായ കമില്ലോ റൂയിനി. സഭയുടെ വൈദിക ബ്രഹ്മചര്യ നിയമത്തിൽ നിന്നും ആമസോൺ മേഖലയ്ക്ക് മാത്രം ഫ്രാൻസിസ് മാർപാപ്പ ഇളവ് നൽകില്ലെന്ന് പ്രതീക്ഷിക്കുന്നതായും കർദ്ദിനാൾ റൂയിനി ഇറ്റാലിയൻ മാസികയായ കൊറേറി ഡെല്ല സേറക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നീണ്ട 17 വർഷം, റോമിലെ വികാരി ജനറാൾ പദവി വഹിച്ച കർദ്ദിനാൾ റൂയിനി വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അടുത്ത സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആമസോണ്‍ ഉൾപ്പെടെയുള്ള ലോകത്തിന്റെ ചില ഭാഗങ്ങളിൽ വൈദികരുടെ അഭാവമുണ്ട്. അതിനാൽ തന്നെ ആളുകൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല. വൈദികരുടെ അഭാവം നികത്താനാണ് വിവാഹിതരായവർക്ക് പൗരോഹിത്യം നൽകണമെന്ന് നിർദ്ദേശം സിനഡ് നൽകിയത്. എന്നാൽ അപ്രകാരമുള്ള ഒരു തീരുമാനം തെറ്റായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെതായി പുറത്തിറങ്ങാനിരിക്കുന്ന അപ്പസ്തോലിക പ്രബോധനത്തിൽ നിന്നും വൈദിക ബ്രഹ്മചര്യത്തിൽ ഇളവുനൽകാനുളള പദ്ധതികൾ ഒഴിവാക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും, അതിനു വേണ്ടി പ്രാർത്ഥിക്കുന്നതായും കർദ്ദിനാൾ കമില്ലോ റൂയിനി കൂട്ടിച്ചേർത്തു.

വൈദിക ബ്രഹ്മചര്യത്തിന് ഇളവ് അനുവദിക്കരുതെന്ന് പറയുന്നതിന് പിന്നിൽ രണ്ടു സുപ്രധാന കാരണങ്ങളാണ് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടുന്നത്. വലിയതോതിൽ ലൈംഗീകവത്കരിക്കപ്പെട്ട ഇന്നത്തെ സമൂഹത്തിൽ വൈദിക ബ്രഹ്മചര്യമെന്നത് ദൈവത്തിനും, സഹോദരന്മാർക്കും നൽകുന്ന സമർപ്പണത്തിന്റെ അടയാളമാണെന്നതാണ് ഒന്നാമത്തെ കാരണം. ഒരു പ്രത്യേക സ്ഥലത്തിന് മാത്രമായി പോലും ഇളവ് നൽകുന്നത് ലോകത്തിന്റെ ആത്മാവിന് വഴങ്ങി കൊടുക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇനിയിപ്പോൾ വിവാഹിതരായവർക്ക് പൗരോഹിത്യം നൽകിയാൽ തന്നെ, ഇന്ന് കുടുംബങ്ങളെ ഗ്രസിച്ചിരിക്കുന്ന പ്രശ്നങ്ങളിൽനിന്ന് വൈദികരും, അവരുടെ ഭാര്യമാരും വിമുക്തരായിരിക്കാൻ സാധ്യതയില്ലെന്നും കര്‍ദ്ദിനാള്‍ ഓർമ്മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയെ കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍, വിധിക്കരുതെന്നാണ് യേശു പറഞ്ഞതെന്നും അതിനാല്‍ പാപ്പയെ വിധിക്കാന്‍ താന്‍ ആളല്ലായെന്നും പാപ്പയോടു ബഹുമാനവും സ്നേഹവും വിധേയത്വവും മാത്രമേയുള്ളൂവെന്നുമായിരിന്നു കര്‍ദ്ദിനാളിന്റെ മറുപടി. 88 വയസ്സുള്ള കര്‍ദ്ദിനാള്‍ കമില്ലോ, ഇറ്റാലിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്‍റെ തലവനായി ഒരു പതിറ്റാണ്ട് സേവനം ചെയ്ത വ്യക്തി കൂടിയാണ്.


Related Articles »